'അത് നൂറ്റാണ്ടിന്റെ പന്ത്'; ഈ ഫോമിൽ ആരു കളിച്ചാലും സ്റ്റാർക്ക് ഔട്ടാക്കും; വാനോളം പുകഴ്ത്തൽ
അഡ്‌ലെയ്ഡ് ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിനെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ‘നൂറ്റാണ്ടിന്റെ പന്ത്' ആണെന്ന് മുൻ ഓസ്ട്രേലിയൻ ബാറ്റർ മാർക്ക് വോ. "അത് ഏതാണ്ട് അൺപ്ലേയബിൾ ആയ പന്തായിരുന്നു. ആര് ബാറ്റ് ചെയ്താലും ആ പന്തിനെ പ്രതിരോധിക്കൽ എളുപ്പമല്ല" ഫോക്സ് സ്പോർട്സിനു വേണ്ടി കമന്ററി ചെയ്യുമ്പോൾ വോ പറഞ്ഞു.
ആദ്യ ഇന്നിംഗ്സിൽ അശ്വിൻ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു. 22 പന്തിൽ നിന്ന് 22 റൺസ് നേടിയ അദ്ദേഹം ചില മികച്ച ഷോട്ടുകൾ കളിച്ചു. എന്നാൽ സ്റ്റാർക്ക് എറിഞ്ഞ ഒരു അതിവേഗ യോർക്കർ, ബൗളറുടെ ആംഗിളിൽ ഓഫ് സ്റ്റമ്പിന് പുറത്താകും എന്ന് കരുതിയ അശ്വിന് തെറ്റി.. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാൻ തുടങ്ങിയ സമയമായിരുന്നു അത്. സമർത്ഥമായി റിവേഴ്‌സ് സ്വിങ് ഉപയോഗിച്ച സ്റ്റാർക്കിന്റെ ഡെലിവറി, ഓഫ് സ്റ്റംപിൽ നിന്നും അതിവേഗത്തിൽ സ്വിങ് ചെയ്ത് അശ്വിന്റെ പാഡിലേക്ക് കയറി. അശ്വിൻ റിവ്യൂ എടുത്തെങ്കിലും വിജയിച്ചില്ല. ഹോക്ക് ഐയിൽ പന്ത് സ്റ്റമ്പിൽ തട്ടുന്നതായി കാണിച്ചു.
ഒറ്റ കാഴ്ച്ചയിൽ തന്നെ ഔട്ടാണെന്ന് ഉറപ്പായ തീരുമാനം റിവ്യൂ ചെയ്യാനുള്ള അശ്വിന്റെ തീരുമാനവും വ്യാപകമായി പരിഹസിക്കപ്പെട്ടു.. "ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച റിവ്യൂകളിൽ ഒന്നാണിത്" മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ അശ്വിനെ പരിഹസിച്ചു
മൂന്ന് പന്തുകൾക്ക് ശേഷം ഹർഷിത് റാണയെയും ഇതേ രീതിയിൽ തന്നെ പുറത്താക്കി സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്നിംഗ്സിലെ അവസാന വിക്കറ്റും സ്റ്റാർക്ക് തന്നെയാണ് വീഴ്ത്തിയത്. ഇതോടെ 6-48 എന്ന മികച്ച ബൗളിംഗ് പ്രകടനമാണ് സ്റ്റാർക്ക് കാഴ്ചവെച്ചത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി സ്റ്റാർക്ക് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളും സ്റ്റാർക്ക് തന്നെയാണ് പിഴുതത്.