വിരമിക്കല്‍ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്, ഹേ പോരാളി, നിങ്ങള്‍ക്ക് സല്യൂട്ട്
ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഏറ്റ തോല്‍വിയ്ക്ക് ശേഷമാണ് 35-കാരനായ സ്മിത്ത് സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.
170 ഏകദിനങ്ങളില്‍ നിന്ന് 43.28 ശരാശരിയില്‍ 5800 റണ്‍സാണ് ഏകദിനത്തില്‍ സ്മിത്ത് നേടിയത്. 12 സെഞ്ച്വറികളും 35 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ പന്ത്രണ്ടാമനാണ് സ്മിത്ത്. 2016-ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 164 റണ്‍സ് ആണ് സ്മിത്തിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ലെഗ് സ്പിന്നിംഗ് ഓള്‍ റൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 28 വിക്കറ്റുകളും 90 ക്യാച്ചുകളും നേടിയിട്ടുണ്ട്.
സെമിഫൈനല്‍ തോല്‍വിക്ക് ശേഷം ടീമംഗങ്ങളോട് താന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് സ്മിത്ത് അറിയിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20യിലും സ്മിത്ത് തുടര്‍ന്നും സെലക്ഷന് ലഭ്യമാകും.
'ഇതൊരു മികച്ച യാത്രയായിരുന്നു, ഞാന്‍ അതിലെ ഓരോ നിമിഷവും ആസ്വദിച്ചു. നിരവധി അത്ഭുതകരമായ നിമിഷങ്ങളും അതിശയകരമായ ഓര്‍മ്മകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പുകള്‍ നേടുന്നത് ഒരു മികച്ച ഹൈലൈറ്റായിരുന്നു, ഒപ്പം യാത്ര പങ്കിട്ട നിരവധി മികച്ച സഹതാരങ്ങളും' സ്മിത്ത് പറഞ്ഞു.
'2027 ലോകകപ്പിനായി തയ്യാറെടുക്കാന്‍ മറ്റ് കളിക്കാര്‍ക്ക് ഇപ്പോള്‍ ഒരു മികച്ച അവസരമാണ്, അതിനാല്‍ വഴിമാറിക്കൊടുക്കല്‍ ഇപ്പോള്‍ ശരിയായ സമയമാണെന്ന് തോന്നുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ടെസ്റ്റ് ക്രിക്കറ്റ് ഒരു മുന്‍ഗണനയായി തുടരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ശൈത്യകാലത്ത് വെസ്റ്റ് ഇന്‍ഡീസിലും പിന്നീട് ഇംഗ്ലണ്ടിലേക്കും ഞാന്‍ ശരിക്കും ഉറ്റുനോക്കുന്നു. ആ ഘട്ടത്തില്‍ എനിക്ക് ഇനിയും ധാരാളം സംഭാവന ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നു' സ്മിത്ത് പറഞ്ഞു.
2015 ലും 2023 ലും ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു സ്മിത്ത്. മൈക്കല്‍ ക്ലാര്‍ക്കിന്റെ വിരമിക്കലിനെത്തുടര്‍ന്ന് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. 64 മത്സരങ്ങളില്‍ ഓസ്ട്രേലിയയെ നയിച്ച അദ്ദേഹം 32 മത്സരങ്ങളില്‍ വിജയിക്കുകയും 28 മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പാറ്റ് കമ്മിന്‍സിന് പകരക്കാരനായാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും ഏറ്റെടുത്തത്.