നൂറ്റാണ്ടിന്റെ നിര്‍ഭാഗ്യം, വെടിക്കെട്ടിനൊടുവില്‍ സ്മിത്ത് പുറത്തായത് വിചിത്രമായി
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് (140) മികച്ചൊരു സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണല്ലോ. എന്നാല്‍ മത്സരത്തില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ ആണ് സ്മിത്ത് പുറത്തായത്.
ആകാശ് ദീപിന്റെ പന്ത് ഓഫ് സൈഡിലൂടെ അടിച്ചകറ്റാന്‍ ശ്രമിച്ച സ്മിത്തിന് പന്ത് ശരിയായി കണക്ട് ചെയ്യാനായില്ല. ബാറ്റിന്റെ അരികില്‍ തട്ടിയ പന്ത് താരത്തിന്റെ ശരീരത്തില്‍ തട്ടി സ്റ്റമ്പിലേക്ക് സാവധാനം പതിക്കുകയായിരുന്നു.
സ്വന്തം വിക്കറ്റ് നഷ്ടമാകുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാനെ സ്മിത്തിന് സാധിച്ചുള്ളൂ. ഈ പുറത്താകലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഓസ്‌ട്രേലിയയെ 450 റണ്‍സ് കടത്തിയ ശേഷമാണ് സ്മിത്ത് പുറത്തായത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് സ്മിത്ത് പടുത്തുയര്‍ത്തിയ 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സ്മിത്തിന്റെ സെഞ്ച്വറി കരുത്തില്‍ മെല്‍ബണിലെ ഒന്നാം ഇന്നിംഗ്‌സില്‍ 474 റണ്‍സ് എടുത്താണ് ഓസീസ് ഓള്‍ഔട്ടായത്.
മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറിയുമായി ജയ്‌സ്വാളും മികച്ച പിന്തുണയുമായി കോഹ്ലിയുമാണ് ക്രീസില്‍. കെഎല്‍ രാഹുലും രോഹിത്ത് ശര്‍മ്മയുമാണ് പുറത്തായ ബാറ്റര്‍മാര്‍.