സണ്‍റൈസസിന്റെ കൂറ്റന്‍ സ്‌കോറിലും പതറിയില്ല, രാജസ്ഥാന്‍ വീണത് പൊരുതി
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് ഐ.പി.എല്‍ ചരിത്രത്തിലെ തുല്യതയില്ലത്ത ഒരു റെക്കോര്‍ഡ് മത്സരത്തിന്. സണ്‍റൈസേഴ്സ് ഹൈദരാബാദ് കുറിച്ച കൂറ്റന്‍ ലക്ഷ്യമായ 287 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് പക്ഷേ അടിപതറി. പോരാട്ടവീര്യം ചോരാതെ പൊരുതിയെങ്കിലും, ഒടുവില്‍ 44 റണ്‍സിന്റെ തോല്‍വി അവര്‍ ഏറ്റുവാങ്ങി.
കളിയില്‍ വഴിത്തിരിവായത് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണും യുവതാരം ധ്രുവ് ജുറെലും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. ഇതാണ് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ രാജസ്ഥാനെ സഹായിച്ചത്. ആദ്യം തകര്‍ച്ചയോടെ തുടങ്ങിയെങ്കിലും സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് അവരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി. തുടക്കത്തിലേ മുഹമ്മദ് ഷാമിയുടെ ഓവറില്‍ തകര്‍ത്തടിച്ച സഞ്ജു ആരാധകരുടെ മനംകവര്‍ന്നു. എന്നാല്‍, മറുവശത്ത് വിക്കറ്റുകള്‍ തുരുതുരാ വീണതോടെ രാജസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്.
പിന്നീട് സഞ്ജുവും ധ്രുവ് ജുറെലും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് രാജസ്ഥാന്‍ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്ന് നല്‍കിയത്. 37 പന്തുകളില്‍ ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളും പറത്തി സഞ്ജു 66 റണ്‍സെടുത്തു. എന്നാല്‍, അതിലും അപകടകാരിയായത് ജുറെലായിരുന്നു. 35 പന്തുകളില്‍ അഞ്ച് ബൗണ്ടറികളും ആറ് സിക്‌സറുകളും അടിച്ച് ജുറെല്‍ 70 റണ്‍സെടുത്തു.
എന്നാല്‍, നിര്‍ഭാഗ്യമെന്നോണം മൂന്ന് പന്തുകളുടെ വ്യത്യാസത്തില്‍ ഇരുവരും പുറത്തായതോടെ കളി സണ്‍റൈസേഴ്സ് വരുതിയിലാക്കി.
അവസാന ഓവറുകളില്‍ ശുഭം ദുബെയും ഷിംറോണ്‍ ഹെറ്റ്‌മെയറും നടത്തിയ വെടിക്കെട്ട് ബാറ്റിംഗില്‍ 200 കടന്നെങ്കിലും അത് പരാജയഭാരം കുറയ്ക്കുക മാത്രമാണ് ചെയ്തത്. ദുബെ 11 പന്തില്‍ 34 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഹെറ്റ്‌മെയര്‍ 23 പന്തില്‍ 42 റണ്‍സെടുത്ത് അവസാന ഓവറില്‍ മടങ്ങി.