അവഗണിക്കാനും മാറ്റിനിര്‍ത്താനുമാകില്ല, സഞ്ജുവിന്റെ കാലം വരുന്നു, ഒടുവില്‍ തുറന്നടിച്ച് റെയ്ന
സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന, . കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയാണ് റെയ്ന മലയാളി താരത്തെ പുകഴ്ത്തിയത്. സഞ്ജുവിന്റെ കടുത്ത ആരാധകനാണ് താനെന്നും റെയ്ന വെളിപ്പെടുത്തി.
സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായിരിക്കും സഞ്ജു. തുടര്‍ച്ചയായ രണ്ടാം പരമ്പരയിലാണ് സഞ്ജുവിന് ദേശീയ ടീമില്‍ ഇരട്ട റോളുകള്‍ ലഭിക്കുന്നത്.
മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ, സഞ്ജുവിന്റെ പ്രതിഭയെ റെയ്ന പ്രശംസിച്ചു. 'സഞ്ജു സാംസണ്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹം വളരെയധികം പ്രതിഭാശാലിയാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്റെ നിരവധി അതിശയിപ്പിക്കുന്ന ഇന്നിംഗ്സുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ'.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജുവിന്റെ നേതൃത്വത്തെയും റെയ്ന അഭിനന്ദിച്ചു. 'നായകനെന്ന നിലയില്‍ വളരെയധികം കഴിവുറ്റ താരമാണ് സഞ്ജു. ടീമിനെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം നയിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിനു വേണ്ടി നടത്താന്‍ സഞ്ജുവിനു സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു'.
ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചാകുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും നല്ലൊരു ഓഫര്‍ ലഭിച്ചാല്‍ പരിഗണിക്കുമെന്നും റെയ്ന മറുപടി നല്‍കി.