അഭ്യന്തര ക്രിക്കറ്റില്‍ കലഹം, ജയ്‌സ്വാളിന് പിന്നാലെ സൂര്യയും ടീം മാറുന്നു
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന മുംബൈ ക്രിക്കറ്റില്‍ ഞെട്ടിക്കുന്ന നീക്കങ്ങള്‍ നടക്കുകയാണ്. യുവതാരം യശസ്വി ജയ്സ്വാളിന്റെ അപ്രതീക്ഷിത കൂടുമാറ്റത്തിന് പിന്നാലെ, മറ്റൊരു പ്രധാന താരം സൂര്യകുമാര്‍ യാദവും മുംബൈ വിടാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുകയാണ്. ഈ താരങ്ങള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവ് മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സീസണില്‍ ഗോവയ്ക്കായി കളിക്കാന്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ആവശ്യപ്പെട്ട് ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സൂര്യകുമാറിന്റെ കാര്യവും ചര്‍ച്ചയാകുന്നത്.
എങ്കിലും, സൂര്യകുമാര്‍ യാദവ് അന്തിമ തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ല. വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂര്യകുമാര്‍ യാദവും വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് അഭ്യൂഹങ്ങള്‍ മാത്രമാണിതെന്ന് സൂചിപ്പിച്ചു. എന്നാല്‍, രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് പ്രവേശിച്ച ഗോവ ടീം മികവുറ്റ കളിക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.
ഹൈദരാബാദ് ടീം നായകന്‍ തിലക് വര്‍മ്മയുമായും ഗോവ അസോസിയേഷന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇക്കാര്യത്തെപ്പറ്റി അസോസിയേഷന്‍ സെക്രട്ടറി ശംഭു ദേശായി സംസാരിച്ചു. മറ്റു താരങ്ങളുമായി ബന്ധപ്പെടുന്ന കാര്യം സ്ഥിരീകരിക്കാതെ, ദേശായി സംസാരിച്ചു.
'മറ്റു സംസ്ഥാനങ്ങളിലെ താരങ്ങളുമായി സംസാരിക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ പേരുകള്‍ പറയാനാകില്ല. ഇപ്പോള്‍ പ്രൊഫഷണല്‍ താരങ്ങളുമായി കരാര്‍ ഒപ്പിടുന്ന കാര്യങ്ങളെക്കുറിച്ചും ഉടന്‍ തീരുമാനമാകും' ദേശായി അറിയിച്ചു.
മുംബൈ ടീമിലെ നായകന്‍ അജിങ്ക്യ രഹാനെയുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ജയ്സ്വാളിന്റെ ഈ തീരുമാനത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ ദുലീപ് ട്രോഫി കളിക്കുന്നതിനിടെ ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് രഹാനെ പുറത്താക്കിയിരുന്നു.
അതിന് ശേഷം ഇരുവരും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തിയിരുന്നില്ല. ഇതിനൊപ്പം ഗോവ ടീമിലെ ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്തതും കൂടുമാറ്റത്തിനു കാരണമായി.