സൂര്യ കളിക്കില്ല, ഇന്ത്യയെ നയിക്കാന്‍ സഞ്ജു ഒരുങ്ങുന്നു, വലിയ ട്വിസ്റ്റ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റു എന്നതാണ് അത്. ഡര്‍ബനിലെ കിങ്സ്മീഡില്‍ നടന്ന പരിശീലനത്തിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. പരിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.
ഗുരുതരമായ പരിക്കാണെങ്കില്‍ ആദ്യ ടി20യില്‍ നിന്ന്, ഒരുപക്ഷേ പരമ്പരയില്‍ നിന്ന് പോലും അദ്ദേഹത്തിന് പുറത്തുനില്‍ക്കേണ്ടി വന്നേക്കാം.
സ്പോര്‍ട്സ് പത്രപ്രവര്‍ത്തകന്‍ വൈഭവ് ഭോളയാണ് സൂര്യകുമാറിന്റെ പരിക്കിനെക്കുറിച്ചുള്ള വാര്‍ത്ത തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പരിശീലനത്തിനിടെയുള്ള സൂര്യകുമാറിന്റെ ചിത്രം പങ്കുവെച്ച ഭോള, പരമ്പര മുഴുവന്‍ നഷ്ടമാകുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചു.
സൂര്യകുമാറിന് കളിക്കാനായില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയോ മലയാളി താരം സഞ്ജു സാംസണോ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി ആരെയും പ്രഖ്യാപിച്ചിട്ടില്ല. ബംഗ്ലാദേശുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയിലും ഇതു തന്നെയാണ് സംഭവിച്ചത്. എന്നാല്‍ ടി20 ലോകകപ്പിനു ശേഷം ശുഭ്മന്‍ ഗില്ലിനു കീഴില്‍ സിംബാബ്വെയില്‍ ഇന്ത്യന്‍ ടീം ടി20 പരമ്പര കളിച്ചപ്പോള്‍ സഞ്ജു സാംസണായിരുന്നു വൈസ് ക്യാപ്റ്റന്‍.
ഒരു സമയത്തു ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഫേവറിറ്റായിരുന്നു ഹാര്‍ദിക്. എന്നാല്‍ ഗൗതം ഗംഭീര്‍ പുതിയ കോച്ചായി വന്നതിനു ശേഷം ഹാര്‍ദിക്കിനെ നായകനാക്കിയില്ലന്നു മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നു പോലും പുറത്താക്കപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ സൂര്യക്കു പകരം താല്‍ക്കാലികമായി നായകസ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഹാര്‍ദിക് അതിനു തയ്യാറാവുമോയെന്ന കാര്യം സംശയമാണ്. ഈ കാരണത്താല്‍ സഞ്ജുവിനായിരിക്കും നായകനായി നറുക്കുവീണേക്കുകയെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യമവെ ദയാല്‍.
ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോറ്റ്സി, ഡൊണോവന്‍ ഫെറെര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്ക്ല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), ആന്‍ഡിലെ സിമെലെയ്ന്‍, ലൂത്തോ സിപാംല, ട്രിസ്റ്റന്‍ സ്റ്റബ്‌സ്.