അവനായി ആര്‍ത്ത് വിളിക്കൂ, ആരാധകരോട് സഞ്ജുവിനെ ചേര്‍ത്ത് പിടിക്കാന്‍ ആവശ്യപ്പെട്ട് സൂര്യ
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈയില്‍ നടത്തിയ വിക്ടറി പരേഡില്‍ മലയാളി താരം സഞ്ജു സാംസണിനെ ആരാധകര്‍ക്കിടയിലേക്ക് കൈപിടിച്ചാനയിച്ച് സൂര്യകുമാര്‍ യാദവ്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിനെ ആരാധകര്‍ക്ക് മുന്നില്‍ ചേര്‍ത്ത് പിടിച്ചാണ് സൂര്യകുമാര്‍ സഞ്ജു ഫാന്‍സിന്റെ മനം കവര്‍ന്നത്.
മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസില്‍ നടന്ന വിക്ടറി പരേഡിനിടെയാണ് സംഭവം. ആരാധകര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളുടെ പേരെടുത്ത് വിളിക്കുന്നതിനിടെയാണ് സൂര്യകുമാര്‍ സഞ്ജുവിനെ ആരാധകര്‍ക്ക് മുന്നിലേക്ക് കൈപിടിച്ചാനയിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന സഞ്ജുവിന് പക്ഷെ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, ടീമിന്റെ വിജയത്തില്‍ സഞ്ജുവിന്റെ പങ്കും നിര്‍ണായകമായിരുന്നുവെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
'ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ സാധിക്കാതെ മൂന്നു താരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. സഞ്ജു സാംസണ്‍, യുസി ചഹല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്കൊന്നും ഒരു മല്‍സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പുറത്തിരുന്നപ്പോഴും ഇവരെല്ലാം വലിയ സ്പിരിറ്റും ആവേശവുമാണ് കാണിച്ചത്. കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഒരിക്കല്‍പ്പോലും ഇവര്‍ മുഖം താഴ്ത്തിയിരിക്കുകയോ, നിരാശ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതു ഞങ്ങള്‍ക്കും ടീമിനും വളരെ പ്രധാനപ്പെട്ട കാര്യവുമായിരുന്നു' ദ്രാവിഡ് പറഞ്ഞു.
ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ ഇതു വളരെ പ്രധാനം തന്നെയാണ്. പ്ലെയിങ് ഇലവനില്‍ ഇടം കിട്ടാതെ പുറത്തിരിക്കുന്ന താരങ്ങളുടെ മാനസിക നിലയും സ്പിരിറ്റുമെല്ലാം പ്രധാനപ്പെട്ട കാര്യമാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിന്റെ ഈ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ 33,000ത്തോളം ആരാധകരാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് ആരാധകര്‍ ടീമിനെ സ്വീകരിക്കാനെത്തിയത്. ന്യൂഡല്‍ഹിയിലും ടീമിന് രാജകീയ സ്വീകരണമാണ് ലഭിച്ചത്.