തിലകിനെ പുറത്താക്കിയതില്‍ സൂര്യക്ക് അതൃപ്തി? മുംബൈയില്‍ പൊട്ടിത്തെറി
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തിലക് വര്‍മ്മയെ നിര്‍ണായക സമയത്ത് റിട്ടയര്‍ ഔട്ട് ചെയ്യാനുള്ള മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്റിന്റെ തീരുമാനം ടീമിനുള്ളില്‍ തന്നെ അതൃപ്തിക്ക് കാരണമായതായി സൂചന. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഇതിന്റെ സൂചനകള്‍ കാണുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തിലക് വര്‍മ്മയെ കളിക്കളത്തില്‍ നിന്ന് തിരിച്ചുവിളിച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് തന്റെ അതൃപ്തി പ്രകടിപ്പിച്ചു. ആശയക്കുഴപ്പത്തിലായ സൂര്യകുമാറിന് പിന്നീട് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധനെ ഈ നീക്കത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
എങ്കിലും, സൂര്യകുമാറിന്റെ മുഖത്തെ ഭാവം ഈ തീരുമാനത്തില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ തൃപ്തിയില്ലായിരുന്നു എന്ന് സൂചിപ്പിക്കുന്നു.
ലഖ്നൗവിനെതിരായ മത്സരത്തില്‍ തിലക് വര്‍മ്മ അപ്രതീക്ഷിതമായാണ് റിട്ടയര്‍ ഔട്ടായത്. ഒരു ബാറ്റര്‍ അമ്പയറുടെ അനുമതിയില്ലാതെ കളിക്കളം വിട്ടാല്‍ അത് റിട്ടയേര്‍ഡ് ഔട്ട് ആയി കണക്കാക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍, എതിര്‍ ടീം ക്യാപ്റ്റന്റെ അനുമതിയോടെ കളിക്കാരന് തിരികെ വരാന്‍ സാധിക്കും. എന്നാല്‍ തിലക് വര്‍മ്മ പിന്നീട് ക്രീസില്‍ തിരിച്ചെത്തിയില്ല. ബാറ്റിംഗ് ശരാശരി കണക്കാക്കുമ്പോള്‍ നോട്ട് ഔട്ട് ആവുന്നത് ഒരു താരത്തിന്റെ ശരാശരി വര്‍ദ്ധിപ്പിക്കും. അതുകൊണ്ടാണ് അനുമതിയില്ലാതെ ക്രീസ് വിടുന്നവരെ റിട്ടയേര്‍ഡ് ഔട്ട് ആയി പരിഗണിക്കുന്നത്.
അതെസമയം തിലകിനെ പുറത്താക്കാനുളള തീരുമാനം എടുത്തതിന്റെ ഉത്തരവാദിത്തം മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധന മത്സരശേഷം പരസ്യമായി ഏറ്റെടുത്തു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച തിലകിന് പകരം പുതിയൊരു കളിക്കാരന് അവസരം നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് ജയവര്‍ധനെ വിശദീകരിച്ചു.
'ഞങ്ങള്‍ക്ക് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ സൂര്യയോടൊപ്പം തിലക് നല്ലൊരു കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അവന് നന്നായി കളിക്കണമെന്നുണ്ടായിരുന്നു, പക്ഷേ സാധിച്ചില്ല. അവസാന ഓവറുകളില്‍ അവന്‍ കാത്തിരുന്നു, കാരണം അത്രയും സമയം ക്രീസില്‍ നിന്നതുകൊണ്ട് മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന് അവന്‍ കരുതിയിരിക്കാം. പക്ഷേ, അവന്‍ വിഷമിക്കുന്നു എന്ന് കണ്ടപ്പോള്‍, പുതുതായി വരുന്ന ഒരാള്‍ക്ക് കൂടുതല്‍ ആവേശത്തോടെ കളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നി. ക്രിക്കറ്റില്‍ ഇത്തരം തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. തിലകിനെ പുറത്താക്കിയത് സന്തോഷകരമായ കാര്യമല്ല, പക്ഷേ അതെന്റെ ജോലിയുടെ ഭാഗമായിരുന്നു' ജയവര്‍ധനെ പറഞ്ഞു.
എന്തായാലും, തിലക് വര്‍മ്മ റിട്ടയേര്‍ഡ് ഔട്ടായതിന് ശേഷവും മുംബൈ ഇന്ത്യന്‍സിന് വിജയം നേടാനായില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ അവര്‍ 12 റണ്‍സിന് പരാജയപ്പെട്ടു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ 203 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ 191 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഈ തോല്‍വിയോടെ ടീമിനുള്ളിലെ അഭിപ്രായഭിന്നതകള്‍ കൂടുതല്‍ പ്രകടമാവുകയാണോ എന്ന് ഉറ്റുനോക്കേണ്ടിയിരിക്കുന്നു.