ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കണം, വമ്പന്‍ നീക്കവുമായി സൂര്യകുമാര്‍ യാദവ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ മുംബൈക്ക് വേണ്ടി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ ടി20 നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവ്.
2023-ല്‍ ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടിയ സൂര്യകുമാര്‍, ഫെബ്രുവരിയില്‍ നാഗ്പൂരില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ഒരു മത്സരം കളിച്ചിരുന്നു. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ 8 റണ്‍സ് മാത്രം നേടിയ സൂര്യക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്മാറേണ്ടി വന്നു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത സൂര്യകുമാര്‍, ബുച്ചി ബാബു ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിലൂടെ വീണ്ടും വെള്ളക്കുപ്പായത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള തന്റെ ആഗ്രഹം 33 കാരനായ സൂര്യകുമാര്‍ അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. ബുച്ചി ബാബു ടൂര്‍ണമെന്റ് ഈ സീസണിലെ റെഡ്-ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് നല്ലൊരു പരിശീലനം നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മുംബൈയുടെ മുഖ്യ സെലക്ടര്‍ സഞ്ജയ് പാട്ടീലും സൂര്യകുമാറിന്റെ ടൂര്‍ണമെന്റിലെ പങ്കാളിത്തത്തില്‍ ആവേശം പ്രകടിപ്പിച്ചു. മുംബൈക്ക് ഇത് വലിയൊരു ഉത്തേജനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂര്യകുമാര്‍ തന്റെ ഫസ്റ്റ് ക്ലാസ് കരിയറില്‍ 137 ഇന്നിംഗ്സുകളില്‍ നിന്ന് 43.62 ശരാശരിയിലും 63.74 സ്ട്രൈക്ക് റേറ്റിലും 5628 റണ്‍സ് നേടിയിട്ടുണ്ട്. റെഡ്-ബോള്‍ ക്രിക്കറ്റില്‍ 14 സെഞ്ചുറികളും 29 അര്‍ദ്ധസെഞ്ചുറികളും നേടിയിട്ടുള്ള അദ്ദേഹം തന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് കൂടുതല്‍ നാഴികക്കല്ലുകള്‍ ചേര്‍ക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാകും.
ടേക്ക് സ്പോര്‍ട്സ്-ഓള്‍ ഇന്ത്യ ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ (ടിഎന്‍സിഎ) ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 11 വരെ നാഥം (ദിണ്ടിഗല്‍), സേലം, കോയമ്പത്തൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നടത്തും. ടൂര്‍ണമെന്റില്‍ ആകെ 12 ടീമുകള്‍ പങ്കെടുക്കും, സര്‍ഫറാസ് ഖാന്റെ നേതൃത്വത്തിലുള്ള മുംബൈ ടീമിനൊപ്പമായിരിക്കും സൂര്യകുമാര്‍ കളിക്കുക.