സര്‍ഫറാസിന്റെ ഫിറ്റ്‌നസ് നന്നാക്കാന്‍ പന്ത് കഠിനാധ്വനം ചെയ്യുന്നു, വെളിപ്പെടുത്തലുമായി സൂര്യ
ഫിറ്റ്‌നസിന്റെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ളയാണ് ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും തള്ളി കളഞ്ഞ് ന്യൂസിലന്‍ഡിനെതിരായ ബംഗളൂരു ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് യുവതാരം.
സര്‍ഫറാസ് 150 റണ്‍സ് നേടിയപ്പോള്‍, പന്ത് 99 റണ്‍സുമായി പുറത്തായി. ഇന്ത്യ കിവീസിന്റെ 356 റണ്‍സിന്റെ ലീഡ് മറികടക്കുകയും അവസാന ദിവസം വിജയിക്കാന്‍ 107 റണ്‍സിന്റെ വിജയലക്ഷ്യം കുറിയ്ക്കുകയും ചെയ്തു.
ഈ ഇന്നിംഗ്‌സിലൂടെ, ടെസ്റ്റ് ടീമിന്റെ മധ്യനിരയില്‍ സര്‍ഫറാസ് തന്റെ സ്ഥാനം ഉറപ്പിച്ചേക്കാം. ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി എത്തിയ സര്‍ഫറാസ്, ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്ഥാനവും ഉറപ്പിച്ചു.
അതെസമയം സര്‍ഫറാസ് ഖാന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതില്‍ റിഷഭ് പന്ത് വഹിച്ച പങ്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ ഇക്കാര്യം പറഞ്ഞത്.
'സര്‍ഫറാസ് ഇന്ത്യന്‍ ടീമിന്റെ സ്‌ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചിനൊപ്പം ഫിറ്റ്‌നസില്‍ നന്നാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഋഷഭ് (പന്ത്) അദ്ദേഹത്തിന് ഒരു ഷെഫിനെ ഏര്‍പ്പാടാക്കി അദ്ദേഹത്തിന്റെ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഓസ്ട്രേലിയയിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ എത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം മികച്ച രൂപത്തിലാകണമെന്നാണ് എല്ലാവരുടേയും ഉദ്ദേശം' സര്‍ഫറാസ് പറഞ്ഞു.
സര്‍ഫറാസ് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഭാവിയില്‍ ഇനിയും മികച്ചതാകുമെന്നും സൂര്യകുമാര്‍ വെളിപ്പെടുത്തി. 26 കാരനായ സര്‍ഫറാസ് തടിച്ച് കാണപ്പെട്ടേക്കാം, പക്ഷേ വലിയ സെഞ്ച്വറികള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ കായിക വിനോദത്തില്‍ ഫിറ്റ്‌നസ് പ്രധാനമാണ്. പ്രായമാകുന്തോറും അദ്ദേഹത്തിന്റെ ശരീരം മാറും. അദ്ദേഹം ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നു. ഭാവിയില്‍ അദ്ദേഹം മികച്ചതാകും. അദ്ദേഹത്തിന്റെ ശരീരപ്രകൃതി അദ്ദേഹത്തെ തടിച്ചതായി കാണിച്ചേക്കാം, പക്ഷേ നിങ്ങള്‍ അദ്ദേഹത്തോട് 450 പന്തുകള്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഇരട്ട സെഞ്ച്വറി, ട്രിപ്പിള്‍ സെഞ്ച്വറി, ഡാഡി സെഞ്ച്വറി എന്നിവ നേടാന്‍ അദ്ദേഹത്തിന് കഴിവുണ്ട്' സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.