സഞ്ജുവിനു വേണ്ടി സൂര്യയുടെ രോഷപ്രകടനം; ജാന്‍സണുമായി വാക്കുതര്‍ക്കം
ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ സഞ്ജു സാംസണെ പിന്തുണയ്ക്കാന്‍ ആണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യ രോഷാകുലനായത്
സഞ്ജു പലതവണ പിച്ചിലേക്ക് കയറിയതില്‍ അതൃപ്തി പ്രകടിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സണുമായി സൂര്യ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ പിച്ചിന്റെ മധ്യത്തില്‍ വെച്ച് സഞ്ജുവും ഈ തര്‍ക്കത്തില്‍ ഇടപെട്ടു.
15-ാം ഓവറിന്റെ മൂന്നാം പന്ത് എറിയുന്നതിന് മുമ്പാണ് സംഭവം. സഞ്ജു പിച്ചിലേക്ക് കയറി പന്ത് എടുക്കുന്നത് ജാന്‍സണെ പ്രകോപിപ്പിച്ചു. എന്നാല്‍ ജാന്‍സണ്‍ വഴിയില്‍ നിന്നതിനാല്‍ സഞ്ജുവിന് പന്ത് പിടിക്കാന്‍ കഴിയുന്നില്ലെന്ന് സൂര്യ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാന്‍സണുമായും ജെറാള്‍ഡ് കോയെറ്റ്സിയുമായും സൂര്യ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ ലുബബാലോ ഗ്കുമ, സ്റ്റീഫന്‍ ഹാരിസ് എന്നിവര്‍ക്കും സൂര്യ വിശദീകരണം നല്‍കേണ്ടിവന്നു.
സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറിയുടെ (107) കരുത്തില്‍ ഇന്ത്യ 202/8 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. 203 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 171 റണ്‍സിന് പുറത്തായി.
മത്സരശേഷം സൂര്യ സഞ്ജുവിനെ പ്രശംസിച്ചു. കഴിഞ്ഞ 10 വര്‍ഷമായി കഠിനാധ്വാനം ചെയ്യുന്ന സഞ്ജുവിന് ഇപ്പോള്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് സൂര്യ പറഞ്ഞു.
'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സഞ്ജു കഠിനാധ്വാനം ചെയ്യുന്നു. അതിന്റെ ഫലം അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നു. 90-കളിലെത്തിയപ്പോഴും ബൗണ്ടറി അടിക്കാന്‍ ശ്രമിച്ചു, ടീമിനുവേണ്ടി കളിച്ചു. അതാണ് ഞങ്ങള്‍ ഒരു കളിക്കാരനില്‍ നോക്കുന്നത്,' സൂര്യ പറഞ്ഞു.