രോഹിത്തല്ല, മുംബൈയുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഹാര്‍ദ്ദിക്ക്
ഐ.പി.എല്‍ 2025-ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് പാലിച്ചതിന് ലഭിച്ച വിലക്കാണ് ഹാര്‍ദ്ദിക്ക് പുറത്താകാന്‍ കാരണം.
ഇതോടെ, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈയെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ടീമില്‍ വൈസ് ക്യാപ്റ്റനെ നിയമിച്ചിട്ടില്ലാത്തതിനാല്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു.
സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി
എന്നാല്‍ പ്രീ-സീസണ്‍ പ്രസ് കോണ്‍ഫറന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കുമെന്ന് അറിയിച്ചു. 34-കാരനായ സൂര്യകുമാര്‍ നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാണ്. 2024 ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ ടി20യില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് സൂര്യകുമാര്‍ ക്യാപ്റ്റനായത്. ഏറെക്കാലം ഇന്ത്യന്‍ വൈറ്റ്-ബോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍, അപ്രതീക്ഷിതമായി സൂര്യകുമാറിനെ ക്യാപ്റ്റനായി ബി.സി.സി.ഐ നിയമിക്കുകയായിരുന്നു.
വിജയ നായകന്‍
സൂര്യകുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആക്രമണ ശൈലി ഏറെ പ്രശംസ നേടിയിരുന്നു. 22 മത്സരങ്ങളില്‍ 17 വിജയങ്ങളാണ് സൂര്യകുമാര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. 2023-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രോഹിത് ശര്‍മ്മ ഇംപാക്ട് സബ്ബായി കളിച്ചപ്പോള്‍ സൂര്യകുമാര്‍ മുംബൈയെ നയിച്ചിരുന്നു. അന്ന് മുംബൈ അഞ്ച് വിക്കറ്റിന് വിജയിച്ചു.
ബുംറയും പുറത്ത്
ഹാര്‍ദിക്കിന് പുറമേ, ജസ്പ്രീത് ബുംറയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ കളിക്കില്ല. 2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ ബുംറ ഇപ്പോഴും വിശ്രമത്തിലാണ്. 2025 ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹത്തിന് നഷ്ടമായി. ബുംറയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.