പ്രതിരോധിക്കേണ്ടത് 300 അല്ല 170, സൂര്യയെ കുറിച്ച് വമ്പന്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ നിര്‍ണായക ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തി സ്പിന്നര്‍ രവി ബിഷ്‌ണോയി. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 133 റണ്‍സിന് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞിരുന്നു. 298 റണ്‍സ് എന്ന ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ 297 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്.
എന്നാല്‍, ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗിന് മുമ്പ് സൂര്യകുമാര്‍ യാദവ് താരങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണ് ശ്രദ്ധേയം. 'നമ്മള്‍ പ്രതിരോധിക്കേണ്ടത് 300 റണ്‍സല്ല, 170 റണ്‍സാണെന്ന് കരുതി വേണം പന്തെറിയാന്‍,' എന്നാണ് സൂര്യകുമാര്‍ യാദവ് നിര്‍ദ്ദേശിച്ചത്.
'ഞങ്ങള്‍ പന്തെറിയാനായി മൈതാനത്തേക്ക് എത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് ഞങ്ങളുടെ അടുത്ത് വന്നു. 'നമ്മള്‍ പ്രതിരോധിക്കുന്നത് 300 റണ്‍സാണെന്ന് കരുതരുത്, മറിച്ച് 160 മുതല്‍ 170 റണ്‍സാണ് നമ്മള്‍ പ്രതിരോധിക്കുന്നതെന്ന് കരുതി വേണം പന്തെറിയാന്‍. അങ്ങനെ കരുതി ബൗള്‍ ചെയ്യുന്നത് പിന്നീടുള്ള മത്സരങ്ങളിലും നമുക്ക് സഹായകമായി മാറും' എന്നും അദ്ദേഹം പറഞ്ഞു. എല്ലാതരത്തിലും ബാറ്റിങ്ങിന് അനുകൂലമായ ഒരു പിച്ചായിരുന്നു ഹൈദരാബാദിലേത്. എന്നാല്‍ വിജയിക്കണമെന്ന മനോഭാവത്തോടെ ഞങ്ങള്‍ പന്തെറിഞ്ഞു,' മത്സരശേഷം ബിഷ്‌ണോയി പറഞ്ഞു.
ഇന്ത്യയും മറ്റു ടീമുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ബിഷ്‌ണോയി പ്രതികരിച്ചു. 'ഇത് പുതിയ തലമുറയാണ്. അതുതന്നെയാണ് ഏറ്റവും വലിയ വ്യത്യാസം. 298 റണ്‍സായിരുന്നു ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം. എന്നാല്‍ ഞങ്ങള്‍ അവരെ ആക്രമിച്ച് 160 റണ്‍സില്‍ ഒതുക്കിയത് നോക്കൂ. നമ്മള്‍ മുകളില്‍ നില്‍ക്കുന്ന സമയത്ത് കൂടുതല്‍ മുകളിലേക്ക് ഉയരാന്‍ ശ്രമിക്കുക എന്ന മനോഭാവമാണ് ഇപ്പോഴത്തെ ടീമിനുള്ളത്,' ബിഷ്‌ണോയി വ്യക്തമാക്കി.
മത്സരത്തില്‍ ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബിഷ്‌ണോയി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ നാല് ഓവര്‍ എറിഞ്ഞ ബിഷ്‌ണോയി വെറും 30 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.