പരമ്പര സഞ്ജുവും കൂട്ടരും നേടിത്തന്നു ; എന്നാൽ യഥാർത്ഥ പരീക്ഷണം ഇനിയെന്ന് ക്യാപ്റ്റൻ സൂര്യ
ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് ടി20 നായകൻ സൂര്യകുമാർ യാദവ്. പ്രധാന താരങ്ങളുടെ അഭാവത്തിൽ ഇന്ത്യയെ 3-1ന് ടി20 പരമ്പര വിജയത്തിലേക്ക് നയിച്ച സൂര്യകുമാർ, എന്നാൽ യഥാർത്ഥ പരീക്ഷണം വരാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയാണെന്നും കൂട്ടിച്ചേർത്തു.
ടെസ്റ്റ് ടീമിനൊപ്പമുള്ള ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ ടി20 പരമ്പരയിൽ കളിച്ചിരുന്നില്ല. അടുത്തയാഴ്ച പെർത്തിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇവർ ടി20 പരമ്പരയിൽ നിന്ന് വിട്ടുനിന്നത്.
അടുത്ത വർഷം ലണ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വിധി നിർണ്ണയിക്കുന്നതിൽ ഈ ടെസ്റ്റ് പരമ്പര നിർണായക പങ്ക് വഹിച്ചേക്കാം. ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നാണം കെട്ടശേഷം, ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ അഞ്ച് ടെസ്റ്റുകളിൽ നാലെണ്ണത്തിലെങ്കിലും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.
"ഓസ്ട്രേലിയയിൽ ടീം ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. പരമ്പരയിലേക്ക് അവർ നന്നായി തയ്യാറെടുത്തിട്ടുണ്ടെന്ന് എനിക്കറിയാം, ഈ പരമ്പര തീർച്ചയായും വലിയ വെല്ലുവിളി തന്നെയാണ്" മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞു.
അതേസമയം, പെർത്തിലെ പേസ് സൗഹൃദ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ട്രാ-സ്ക്വാഡ് മത്സര സിമുലേഷനുകളിലൂടെ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ ഊർജിതമാക്കി.
ടി20 പരമ്പര വിജയത്തെകുറിച്ചുള്ള സൂര്യയുടെ വാക്കുകൾ ഇങ്ങനെ;
"ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറ എത്രത്തോളം ശക്തമാണെന്ന് ഈ വിജയം എടുത്തു കാണിക്കുന്നു. ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾ… അവരവരുടെ ടീമിനായി കളിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമുള്ള താരങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് വിജയം വിളിച്ചോതുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.