അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ സൂര്യയെ ഞാന്‍ ടീമില്‍ നിന്നും പുറത്താക്കിയേനെ, തുറന്ന് പറഞ്ഞ് രോഹിത്ത്
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന്റെ ആവേശം രാജ്യത്ത് ഇപ്പോഴും അലയടക്കുകയാണ്. ലോകകിരീടവുമായി നാട്ടിലെത്തിയ ഇന്ത്യന്‍ ടീമിന് വലിയ സ്വീകരണമാണ് രാജ്യം നല്‍കിയത്. ഇത് ഇന്ത്യ എത്രത്തോളം ഈ കിരീടം കൊതിച്ചു എന്നതിന് തെളിവായി മാറി.
ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഈ മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് പിടിച്ച അത്ഭുത ക്യാച്ചാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഇപ്പോഴിതാ ആ ക്യാച്ചിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയാണ് രോഹിത് ഈ ക്യാച്ചിനെ പുകഴ്ത്തി സംസാരിച്ചത്. സൂര്യ ആ ക്യാച്ച് പാഴാക്കിയിരുന്നെങ്കില്‍ താന്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നു എന്നാണ് രോഹിത്ത് തമാശരൂപേണ പറഞ്ഞത്.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ അടിച്ചുയര്‍ത്തിയ പന്ത് ബൗണ്ടറി ലൈനിനു മുകളിലൂടെ സിക്‌സറിലേക്ക് പറക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് സൂര്യകുമാര്‍ യാദവ് അത്ഭുതകരമായ ഒരു ക്യാച്ചിലൂടെ പന്ത് കൈയ്യിലൊതുക്കിയത്. ഈ ക്യാച്ച് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
'ബോള്‍ എന്റെ കൈകളിലാണ് പതിച്ചതെന്നാണ് സൂര്യ പറഞ്ഞത്. അവന്‍ അത് കൈയ്ക്കുള്ളിലാക്കിയത് നന്നായി. അല്ലായിരുന്നെങ്കില്‍ ഞാന്‍ അവനെ ടീമില്‍ നിന്ന് ഒഴിവാക്കുമായിരുന്നു' രോഹിത് ചെറുചിരിയോടെ വ്യക്തമാക്കി.
ഈ ക്യാച്ചിന്റെ നിര്‍ണായകത വ്യക്തമാക്കുന്നതാണ് രോഹിത്തിന്റെ ഈ വാക്കുകള്‍. ഫൈനലിലെ നിര്‍ണായക ഘട്ടത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ഈ ക്യാച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.