'രോഹിത്തിനോട് മുമ്പ് സംസാരിച്ചിരുന്നു പക്ഷെ..' പെര്‍ത്ത് ക്യാപ്റ്റന്‍സിയെ കുറിച്ച് ഭുംറയുടെ വെളിപ്പെടുത്തല്‍
പെര്‍ത്തില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം രണ്ടും കല്‍പിച്ച് ഒരുങ്ങുകയാണ്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ബൗളര്‍മാര്‍ ക്യാപ്റ്റന്‍മാരാകുന്നത് പതിവില്ലെങ്കിലും, ബാറ്റ്‌സ്മാന്‍മാരേക്കാള്‍ തന്ത്രപരമായി മികച്ചവരാണ് ബൗളര്‍മാരെന്നും അതിനാല്‍ അവര്‍ക്ക് കൂടുതല്‍ നേതൃത്വപരമായ ഉത്തരവാദിത്തങ്ങള്‍ നല്‍കണമെന്നും ബുംറ അഭിപ്രായപ്പെട്ടു.
'ഇതൊരു ബഹുമതിയാണ്. എനിക്കെന്റെതായ ശൈലിയുണ്ട്. വിരാട് വ്യത്യസ്തനായിരുന്നു, രോഹിത് വ്യത്യസ്തനായിരുന്നു. എനിക്കെന്റെതായ വഴിയുണ്ട്. ഇതൊരു പദവിയായി ഞാന്‍ കാണുന്നില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ നേരത്തെ രോഹിത് ശര്‍മ്മയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇവിടെ എത്തിയതിനുശേഷമാണ് ടീമിനെ നയിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചത്' മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ബുംറ പറഞ്ഞു.
'പേസര്‍മാര്‍ ക്യാപ്റ്റന്‍മാരാകുന്നതിനെ ഞാന്‍ എപ്പോഴും പിന്തുണയ്ക്കുന്നു. അവര്‍ തന്ത്രപരമായി മികച്ചവരാണ്. പാറ്റ് കമ്മിന്‍സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുന്‍കാലങ്ങളിലും ഇത്തരം മാതൃകകളുണ്ട്. കപില്‍ ദേവ് ഉള്‍പ്പെടെ നിരവധി പേസര്‍മാര്‍ മുന്‍പ് ക്യാപ്റ്റന്‍മാരായിട്ടുണ്ട്. ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു' ബുംറ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വി ടീമിനെ ബാധിച്ചിട്ടില്ലെന്ന് ബുംറ വ്യക്തമാക്കി. 'നിങ്ങള്‍ വിജയിക്കുമ്പോള്‍ നിങ്ങള്‍ പൂജ്യത്തില്‍ നിന്ന് ആരംഭിക്കുന്നു, പരാജയപ്പെടുമ്പോഴും നിങ്ങള്‍ പൂജ്യത്തില്‍ നിന്ന് ആരംഭിക്കുന്നു. ഞങ്ങള്‍ ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് ഒരു ഭാരവും വഹിക്കുന്നില്ല. ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് ഞങ്ങള്‍ക്ക് പാഠങ്ങള്‍ ലഭിച്ചു, പക്ഷേ അത് വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നു. ഇവിടെ ഞങ്ങളുടെ ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും' ബുംറ പറഞ്ഞു.
പ്ലേയിംഗ് ഇലവന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ടോസിന് മുമ്പ് അത് വെളിപ്പെടുത്തുമെന്നും ബുംറ അറിയിച്ചു.