ഇന്ത്യക്കെതിരെ മലയാളി താരം ഇറങ്ങും, സൂചന നൽകി ഖത്തർ പരിശീലകൻ
ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറാനുള്ള നിർണായക മത്സരത്തിൽ ഇന്ത്യയും ഖത്തറും ഇന്ന് ഏറ്റുമുട്ടാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിൽ ആദ്യമായി മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ ഒരു വിജയം അനിവാര്യമാണ്. ഖത്തർ നേരത്തെ തന്നെ അടുത്ത റൗണ്ടിലേക്ക് എത്തിയതിനാൽ അവരെ സംബന്ധിച്ച് മത്സരം ഒട്ടും പ്രധാനപ്പെട്ടതല്ല.
ഇന്ത്യ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുമ്പോൾ അതിൽ കൗതുകമുള്ള ഒരു കാര്യം ഇന്ത്യക്കെതിരെ ഒരു മലയാളി താരം ഇറങ്ങാനുള്ള സാധ്യതയുണ്ടെന്നതാണ്. ഖത്തറിൽ ജനിച്ച കണ്ണൂർ സ്വദേശിയായ തഹ്‌സിൻ ജംഷിദാണ് ഇന്ത്യക്കെതിരെ ഖത്തർ ടീമിന് വേണ്ടി ഇറങ്ങാൻ സാധ്യതയുള്ളത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന താരം ടീമിലുണ്ടാകുമെന്ന സൂചന പരിശീലകനും നൽകി.
"ഖത്തറിൽ ജനിച്ച്, ഖത്തറിൽ ജനിച്ചു വളർന്ന താരമാണ് തഹ്‌സീൻ. ഇന്ത്യയിലുള്ളവരുടെ ആകാംക്ഷ എനിക്ക് മനസിലാക്കാൻ കഴിയും. ദേശീയ ടീമിനൊപ്പം തുടരാനും ഇനിയും തുടർച്ചയായി മത്സരങ്ങൾ കളിക്കാനും പ്രതിഭയുള്ള താരമാണവൻ. മികച്ച കഴിവുകളുള്ള താരം ചെറുപ്പമായതിനാൽ വളർന്നു വരാൻ ധാരാളം സമയവുമുണ്ട്." ഖത്തർ പരിശീലകൻ പറഞ്ഞു.
അഫ്‌ഗാനിസ്ഥാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ തഹ്‌സീൻ അറുപത് മിനുട്ട് കളിച്ചിരുന്നു. താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തു വന്നില്ലായിരുന്നെങ്കിൽ ഖത്തറിന് വേണ്ടി ഗോൾ കണ്ടെത്താൻ കഴിഞ്ഞേനെ. ഖത്തറിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം ഒട്ടും പ്രധാനമല്ല. അതിനാൽ തന്നെ പതിനേഴുകാരനായ താരം ഇന്ത്യക്കെതിരെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.