ബിജിടി: അശ്വിന് പകരം സര്‍പ്രൈസ് താരം, വമ്പന്‍ നീക്കവുമായി ടീം ഇന്ത്യ
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി. രവിചന്ദ്രന്‍ അശ്വിന് പകരമായാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ കൊട്ടിയാനെ ടീമിലെത്തിച്ചത്. ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിനു ശേഷം അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിനൊപ്പം കളിക്കുന്ന കൊട്ടിയാന്‍ ചൊവ്വാഴ്ച മെല്‍ബണിലേക്ക് പറക്കും. അടുത്തിടെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു താരം. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 1525 റണ്‍സും 101 വിക്കറ്റും കൊട്ടിയാന്‍ നേടിയിട്ടുണ്ട്.
2023-24ല്‍ മുംബൈ രഞ്ജി ട്രോഫി നേടുമ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു.
ഷമി ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറത്ത്
അതെസമയം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് ഷമി ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറത്തായി. സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നതിനിടെ താരത്തിന് വീണ്ടും പരിക്കേറ്റിരുന്നു. ഇടത് കാല്‍മുട്ടില്‍ ചെറിയ വീക്കം അനുഭവപ്പെട്ടതായി ബിസിസിഐ സ്ഥിരീകരിച്ചു.
നേരിയ പരിക്ക് മാത്രമാണെങ്കിലും ടെസ്റ്റ് കളിക്കാന്‍ ഷമി യോഗ്യനല്ലെന്ന് വിലയിരുത്തല്‍. ബംഗാളിന്റെ രഞ്ജി ട്രോഫി മത്സരത്തോടെയാണ് 34-കാരന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. 43 ഓവര്‍ ബൗള്‍ ചെയ്ത ഷമി, പിന്നീട് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിന്റെ എല്ലാ കളികളും കളിച്ചു.