അടിയ്ക്ക് കരണം പുകച്ച തിരിച്ചടി, തീയായി പേസര്‍മാര്‍, ഓസീസിനെ എറിഞ്ഞിട്ടു
സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് നാല് റണ്‍സിന്റെ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185 റണ്‍സിന് മറുപടിയായി ഓസ്‌ട്രേലിയ 181 റണ്‍സിന് പുറത്തായി. ബുംറയുടെ അഭാവത്തിലും ഇന്ത്യന്‍ പേസര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് ലീഡ് നേടാന്‍ സഹായകരമായത്.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതമെടുത്തു. 16 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. പ്രസിദ്ധ് ആകട്ടെ 15 ഓവറില്‍ 42 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഏഴ് ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം സെഷനില്‍ കളത്തിലിറങ്ങാത്ത ബുംറ ആകട്ടെ 10 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്കായി അര്‍ധ സെഞ്ച്വറി നേടിയ വെബ്സ്റ്റര്‍ മാത്രമാണ് പിടിച്ച് നിന്നത്. 105 പന്തില്‍ അഞ്ച് ഫോറടക്കമാണ് അരങ്ങേറ്റ താരം 57 റണ്‍സെടുത്തത്. സ്റ്റീവ് സ്മിത്ത് 33ഉം സാം കോണ്‍സ്്റ്റസ് 23ഉം അലക്‌സ് കാരി 21ഉം റണ്‍സെടുത്തു.
ഉസ്മാന്‍ ഖ്വാജ (2), മാര്‍നസ് ലബുഷെയ്ന്‍ (2), ട്രാവിസ് ഹെഡ് (4), പാറ്റ് കമ്മിന്‍സ് (10), മിച്ചല്‍ സ്റ്റാര്‍ക്ക് (1), സ്‌കോട്ട് ബോളണ്ട് (9) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 185 റണ്‍സാണ് നേടിയത്. 40 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.