ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇന്ത്യ മരണമുനമ്പില്‍
ന്യൂസിലന്‍ഡിനെതിരായ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ പാത ദുര്‍ഘടമായിരിക്കുകയാണ്. പൂനെയില്‍ 113 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 68.06 ല്‍ നിന്ന് 62.82 ആയി കുറഞ്ഞു.
ഇതോടെ 62.50 പോയിന്റ് ശതമാനമുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തെത്തി. 55.56 പോയിന്റ് ശതമാനമുള്ള ശ്രീലങ്കയാണ് മൂന്നാമത്. 50 ശതമാനമുള്ള ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്ക് കയറി. 47.62 ശതമാനമുള്ള ദക്ഷിണാഫ്രിക്കയാണ് അഞ്ചാമത്.
ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും അഞ്ച് മത്സരങ്ങള്‍ കളിക്കാനുണ്ട് എന്നത് ശ്രദ്ധേയമാണ്. അവയില്‍ നാലെണ്ണം സ്വന്തം നാട്ടിലാണ്. ശ്രീലങ്കയ്ക്ക് രണ്ട് മത്സരങ്ങളും ന്യൂസിലന്‍ഡിന് നാല് മത്സരങ്ങളും ബാക്കിയുണ്ട്.
ഈ സാഹചര്യത്തില്‍, ഫൈനലിലെത്തണമെങ്കില്‍ ഇന്ത്യ ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും ജയിമുറപ്പിക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പരയില്‍ കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും ജയിക്കേണ്ടത് ഇന്ത്യക്ക് ഇതോടെ അനിവാര്യമായി.
പൂനെയിലെ തോല്‍വിയോടെ 12 വര്‍ഷത്തിന് ശേഷം ഇന്ത്യ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയും തോറ്റു. അതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കൂടി നഷ്ടപ്പെടുന്നത് ഇന്ത്യയ്ക്ക് ആലോചിക്കാനെ വയ്യ.