ചാമ്പ്യന്‍സ് ട്രോഫി, തീപ്പൊരി പേസര്‍ തിരിച്ചെത്തി, ബാവുമയുടെ തകര്‍പ്പന്‍ പിള്ളേര് റെഡി
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി ടെമ്പ ബാവുമയുടെ നേതൃത്വത്തില്‍ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പേസ് ബൗളര്‍ അന്റിച്ച് നോര്‍ട്ട്‌ജെ ദക്ഷിണാഫ്രിക്കയ്ക്കന്‍ ടീമില്‍ തിരിച്ചെത്തിയതായതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം.
2023 സെപ്റ്റംബര്‍ 9 ന് ബ്ലൂംഫോണ്ടെയ്നില്‍ വെച്ചാണ് നോര്‍ട്ട്‌ജെ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏകദിനം കളിച്ചത്.
'വൈറ്റ്-ബോള്‍ ഹെഡ് കോച്ച് റോബ് വാള്‍ട്ടര്‍ ഇന്ന് ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-നുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 09 വരെ പാകിസ്ഥാനില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഏകദിന ക്യാപ്റ്റന്‍ ടെമ്പ ബാവുമയാണ് ടീമിനെ നയിക്കുന്നത്. 2023 ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പങ്കെടുത്ത 10 കളിക്കാര്‍ ടീമിലുണ്ട്. ടോണി ഡി സോര്‍സി, റയാന്‍ റിക്ക്‌ലെട്ടണ്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ ആദ്യമായാണ് ഒരു സീനിയര്‍ ഏകദിന ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുന്നത്' ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ട്വീറ്റ് ചെയ്തു.
1998-ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പേസ് ആക്രമണത്തിന് കഗിസോ റബാഡയാകും നേതൃത്വം നല്‍കുക. മാര്‍ക്കോ ജാന്‍സെന്‍, ലുംഗി എന്‍ഗിഡി, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ റബാഡയ്ക്ക് പിന്തുണ നല്‍കും. കേശവ് മഹാരാജും തബ്രൈസ് ഷംസിയുമാണ് ടീമിലെ സ്പിന്നര്‍മാര്‍.
ഐഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍ എന്നിവരാണ് ബാവുമയ്ക്കൊപ്പമുള്ള ബാറ്റ്സ്മാന്‍മാര്‍. ഹെന്റിച്ച് ക്ലാസെനും റയാന്‍ റിക്ക്‌ലെട്ടണും വിക്കറ്റ് കീപ്പര്‍മാരാണ്.
ഗ്രൂപ്പ് ബിയിലാണ് ദക്ഷിണാഫ്രിക്ക. ഫെബ്രുവരി 21 ന് കറാച്ചിയില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ആദ്യ മത്സരം. ഫെബ്രുവരി 25 ന് റാവല്‍പിണ്ടിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെയും മാര്‍ച്ച് 1 ന് കറാച്ചിയില്‍ ഇംഗ്ലണ്ടിനെതിരെയുമാണ് മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍.
ദക്ഷിണാഫ്രിക്കന്‍ ടീം:
ടെമ്പ ബാവുമ (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്ക്‌ലെട്ടണ്‍ (വിക്കറ്റ് കീപ്പര്‍), ഐഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാഡ, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, ലുംഗി എന്‍ഗിഡി, അന്റിച്ച് നോര്‍ട്ട്‌ജെ.