സഞ്ജുവിന് ടെസ്റ്റ് അരങ്ങേറ്റം ലോഡിംഗ്? ഗംഭീറും രോഹിത്തും സഞ്ജുവിനോട് തയ്യാറാകാന്‍ പറഞ്ഞു
ടെസ്റ്റ് ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം നല്‍കാന്‍ പരിഗണിക്കുന്നതായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാനും മാനേജുമെന്റ് സഞ്ജുവിനോട് നിര്‍ദേശിച്ചു. 2015 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.
64 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 3819 റണ്‍സ് (ശരാശരി: 38.96, സെഞ്ച്വറികള്‍: 11) നേടിയിട്ടുള്ള സഞ്ജു ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം സഞ്ജു കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ദുലീപ് ട്രോഫിക്ക് മുമ്പ് ക്യാപ്റ്റനും കോച്ചും തന്നോട് സംസാരിച്ചിരുന്നതായും കൂടുതല്‍ രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ പ്രോത്സാഹിപ്പിച്ചതായും സഞ്ജു പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് സഞ്ജു രാഹുല്‍ ദ്രാവിഡിനൊപ്പം ആര്‍ആര്‍ അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്നു. ഈ പരിശീലനം സഞ്ജുവിന് തുണയായി. മൂന്നാം ടി20യില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായി.