സ്മിത്ത് സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിച്ചു, അടുത്ത പന്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം
സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ പുതിയ പന്തിനെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിര വീണ്ടും പരാജയപ്പെട്ടു. കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലായി.
വിരാട് കോഹ്ലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്നിംഗ്സ് പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ സെഷന്റെ അവസാന പന്തില്‍ ഗില്‍ പുറത്തായി. നഥാന്‍ ലയണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് മികച്ചൊരു ക്യാച്ച് പിടിച്ചാണ് ഗില്ലിനെ പുറത്താക്കിയത്.
സ്ലിപ്പില്‍ നിന്ന് സ്മിത്ത് ഗില്ലിനെ നിരന്തരം വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. സ്മിത്തിന്റെ തന്ത്രം വിജയിച്ചു, ഗില്‍ ലഞ്ചിന് തൊട്ടുമുമ്പ് പുറത്തായി. ശുഭ്മാന്‍ ഗില്ലിന്റെ അശ്രദ്ധമായ ഷോട്ട് സെലക്ഷന്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രണ്ട് മണിക്കൂറോളം ക്ഷമയോടെ കളിച്ച ഗില്‍ (20) ലഞ്ചിന് തൊട്ടുമുമ്പുള്ള അവസാന പന്തില്‍ ലയണിനെതിരെ അനാവശ്യമായി സ്റ്റെപ്പ് ഔട്ട് ചെയ്താണ് പുറത്തായത്.
രണ്ടാം സെഷനില്‍ കോഹ്ലിയും പുറത്തായി. റിഷഭ് പന്ത് ശരീരത്തില്‍ നിരവധി പ്രഹരങ്ങള്‍ ഏറ്റുവാങ്ങി പൊരുതി നിന്നെങ്കിലും കോഹ്ലി പതിവ് പോലെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തില്‍ വീണു. 17 റണ്‍സാണ് കോഹ്ലി നേടിയത്.
പന്ത് (402) ധീരമായി പൊരുതി നോക്കി ബ്യൂ വെബ്സ്റ്ററെ ഒരു സിക്സിന് പറത്തിയത് ഒഴിച്ചാല്‍ പന്ത് ക്ഷമയോാടെ കളിച്ചു. എന്നാല്‍ അദ്ദേഹത്തിന് ബൈസെപ്സിലും ഹെല്‍മെറ്റിലും അടിവയറ്റിലും പരിക്കേറ്റു. രവീന്ദ്ര ജഡേജ (26) പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. നിലവില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി കഴിഞ്ഞു.