For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

മനസ്സ് കൊണ്ട് കളിയ്ക്കുന്ന മാന്ത്രികന്‍, കമ്മിന്‍സ് എന്ന ക്യാപ്റ്റന്‍

09:32 AM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 09:32 AM Jan 03, 2025 IST
മനസ്സ് കൊണ്ട് കളിയ്ക്കുന്ന മാന്ത്രികന്‍  കമ്മിന്‍സ് എന്ന ക്യാപ്റ്റന്‍

ഷെരീഷ് എസ്

ഐസിസി 'യുഗത്തിലെ മികച്ച മൈന്റ് ക്രിക്കറ്റര്‍' എന്നൊരു അവാര്‍ഡ് നല്‍കുകയാണെങ്കില്‍, അതിന് ഏറ്റവും അര്‍ഹന്‍ പാറ്റ് കമ്മിന്‍സ് ആണ്. ഇത്രയും ആത്മവിശ്വാസവും ക്ഷമയും ഉള്ള ഒരു ക്രിക്കറ്ററെ ഈ കാലഘട്ടത്തില്‍ കണ്ടിട്ടില്ല!.'യുഗത്തിലെ മണ്ടന്‍ ക്രിക്കറ്റര്‍' അവാര്‍ഡ് രോഹിത് ശര്‍മ്മയ്ക്കും ലഭിക്കും!

Advertisement

എത്ര സമ്മര്‍ദ്ദകരമായ സാഹചര്യമാണെങ്കിലും എന്റെ ടീം തോല്‍ക്കില്ല, എന്റെ ടീമിനെ ഞാന്‍ തോല്‍ക്കാന്‍ അനുവദിക്കില്ല, ഞങ്ങള്‍ അവസാനം വരെയും വിജയത്തിനായി പോരാടും എന്ന മനോഭാവം, ആ മനസ്ഥിതി… അതാണ് അദ്ദേഹത്തെ ഇത്രയും ആത്മവിശ്വാസമുള്ളവനാക്കുന്നത്, വിജയങ്ങളിലേക്ക് നയിക്കുന്നത്.

സമനിലയ്ക്കായി കളിക്കുക എന്ന ഉറച്ച മനസ്സുമായി വന്ന ജയ്സ്വാളിനെ റണ്‍സ് നേടാന്‍ പ്രേരിപ്പിച്ച ശേഷം വിക്കറ്റ് വീഴ്ത്തുന്നു. ഒന്ന് സെറ്റായല്‍ ഏത് ഷോട്ടും കളിക്കുന്ന പാന്തിനെ ഒരു പാര്‍ട്ട് ടൈം ബൗളറെ കൊണ്ട് വിക്കറ്റ് എടുപ്പിക്കുന്നു, അതും ഒരു ഫീല്‍ഡറെ മാത്രം നിര്‍ത്തിക്കൊണ്ട്. കാരണം എംസിജിയിലെ ഗ്രൗണ്ടിന് എത്ര വലിപ്പമുണ്ടെന്ന് പാന്തിന് അറിയില്ല, പക്ഷേ കമ്മിന്‍സിന് വ്യക്തമായി അറിയാം.

Advertisement

സ്റ്റാര്‍ക്ക് അപകടകാരിയാകുന്നത് അപ്രതീക്ഷിത ബോളുകള്‍ കൊണ്ടാണെങ്കില്‍, കമ്മിന്‍സ് അപകടകാരിയാകുന്നത് മൈന്‍ഡ് ഗെയിം കളിച്ചാണ്. അതുകൊണ്ടാണ് മിക്ക മത്സരങ്ങളിലും അദ്ദേഹത്തിന് ടേണിംഗ് പോയിന്റ് ഉണ്ടാക്കാന്‍ കഴിയുന്നത്. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മയെ ബൗള്‍ഡ് ആക്കുന്നതിന് തൊട്ടുമുമ്പുള്ള ബോളുകള്‍ കണ്ടാല്‍ തന്നെ മനസ്സിലാക്കാം, എത്ര ബുദ്ധിപരമായാണ് ഓരോ ബാറ്ററെയും അദ്ദേഹം സമീപിക്കുന്നതെന്ന്. മെല്‍ബണ്‍ ടെസ്റ്റില്‍ രോഹിതിനെയും രാഹുലിനെയും രണ്ട് ഇന്നിംഗ്‌സിലും പുറത്താക്കിയതും കമ്മിന്‍സ് തന്നെയാണ്. രാഹുലിന്റെ ബലഹീനത മനസ്സിലാക്കി രണ്ട് തവണയും വിക്കറ്റ് വീഴ്ത്തി.

ബാറ്റ് ചെയ്യാന്‍ വന്നാല്‍ ടീമിന് റണ്‍സ് വേണ്ട സമയത്ത് സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കൂട്ടുന്നു. ടീമിന് പ്രതിരോധം വേണ്ട സമയത്ത് അത് ഭംഗിയായി നിറവേറ്റുന്നു. ടീമിന് നിര്‍ണായക വിക്കറ്റുകളാണ് വേണ്ടതെങ്കില്‍ അതിനും തയ്യാറാണ്.

Advertisement

കീപ്പിംഗ് ഒഴികെ ബാക്കി എല്ലാം കൊണ്ടും ടീമിന് സംഭാവന ചെയ്യാന്‍ കഴിവുള്ള ഒരു ക്യാപ്റ്റന്‍. ഇതിനുപുറമെ ഒരു ക്യാപ്റ്റന് ഏറ്റവും ആവശ്യമായ ഒന്നുണ്ട് - ടീമംഗങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണ, അവര്‍ക്ക് ക്യാപ്റ്റനില്‍ നിന്ന് ലഭിക്കേണ്ട ആത്മവിശ്വാസം, അവര്‍ക്ക് പറ്റുന്ന അബദ്ധങ്ങളില്‍ അവരെ സമാധാനിപ്പിച്ച് മുന്നോട്ട് നയിക്കാനുള്ള പ്രചോദനം. ഇതെല്ലാം ആവശ്യത്തിലധികം കമ്മിന്‍സിനുണ്ട്. സ്വപ്നം കാണാന്‍ പറ്റുമോ നമുക്ക് ഇങ്ങനെയൊരു ക്യാപ്റ്റനെ?

patna the god of clutch…!? mind cricketer of the era..!?

Advertisement