റൊണാൾഡോ എഫെക്റ്റ് ചിന്തിക്കാവുന്നതിനുമപ്പുറം, താരത്തിനെ കാണാനെത്തുന്നത് പതിനായിരങ്ങൾ
ഇത്തവണത്തെ യൂറോ കപ്പ് ശ്രദ്ധേയമാകുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ അവസാനത്തെ യൂറോ കപ്പ് ആയിരിക്കാമതെന്നത് കൊണ്ട് കൂടിയാണ്. 2016ൽ പോർചുഗലിനൊപ്പം യൂറോ കപ്പ് ഉയർത്തിയ താരത്തിന് തന്റെ കരിയറിലെ അവസാനത്തെ യൂറോ കപ്പിൽ കൂടി കിരീടം സ്വന്തമാക്കാൻ കഴിയുമോയെന്ന് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നുണ്ട്.
യൂറോ കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്ക് കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിലെ താരങ്ങളും ജർമനിയിൽ എത്തിയത്. അവിശ്വസനീയമായ സ്വീകരണമാണ് താരത്തിന് ജർമനിയിൽ നിന്നും ലഭിച്ചതെന്നതിൽ യാതൊരു സംശയവുമില്ല. താരത്തെക്കാണാൻ എയർപോർട്ടിലും പോകുന്ന വഴികളിലുമെല്ലാം ആരാധകർ തടിച്ചു കൂടി നിൽക്കുകയായിരുന്നു.
പോർച്ചുഗൽ ടീമിന്റെ പരിശീലനസെഷനും റൊണാൾഡോയെ ആരാധകർ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. പരിശീലനത്തിനായി അനുവദിച്ച സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആരാധകരാണ് എത്തിയത്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിലാണ് റൊണാൾഡോയും പോർച്ചുഗൽ ടീമിലെ മറ്റുള്ളവരും പരിശീലനം നടത്തിയത്.
ആരാധകരുടെ ഈ സ്നേഹത്തിനു റൊണാൾഡോ നന്ദി പറയുകയും ചെയ്‌തിരുന്നു. പോർച്ചുഗലിൽ നിൽക്കുന്നത് പോലെത്തന്നെയാണ് ഇപ്പോഴും അനുഭവപ്പെടുന്നതെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും റൊണാൾഡോ തന്റെ ട്വിറ്ററിൽ കുറിച്ചു. ഈ ആരാധകപിന്തുണയുടെ കരുത്തിൽ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പോർച്ചുഗൽ.