തിലക് മൂന്നാം നമ്പര്‍ സ്ഥാനം ചോദിച്ചു വാങ്ങിയതാണ്, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൂര്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ തിലക് വര്‍മ്മയെ മൂന്നാം നമ്പറില്‍ അയച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തിന് മുമ്പ് തിലക് തന്നെയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ തന്റെ റൂമിലെത്തി അവസരം ചോദിച്ചതെന്ന് സൂര്യ പറഞ്ഞു.
'തിലക് എന്റെ മുറിയില്‍ വന്ന് മൂന്നാം നമ്പറില്‍ ഇറക്കാമോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. അവന്‍ അത് ചോദിച്ചു വാങ്ങിയതാണ്, അവിടെ അവന്‍ തിളങ്ങുകയും ചെയ്തു,' സൂര്യകുമാര്‍ പറഞ്ഞു.
ഇനിയുള്ള മത്സരങ്ങളിലും തിലക് മൂന്നാം നമ്പറില്‍ തന്നെ തുടരുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
സമ്മര്‍ദ്ദത്തിലായിരുന്നു, പക്ഷേ തിളങ്ങി: തിലക്
മത്സരത്തിനിറങ്ങുമ്പോള്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തിലക് വര്‍മ്മയും വെളിപ്പെടുത്തി. പരിക്കില്‍ നിന്ന് മുക്തനായ ശേഷം തിരിച്ചെത്തി സെഞ്ച്വറി നേടാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഈയൊരു അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. മത്സരത്തിനിറങ്ങുമ്പോള്‍ ഞാനും അഭിഷേകും ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രകടനം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്,' തിലക് പറഞ്ഞു.
തിലകിന്റെ സെഞ്ച്വറിയുടെയും അഭിഷേകിന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 11 റണ്‍സിന് പരാജയപ്പെടുത്തി.