പിന്നെയും സെഞ്ചുറിയുമായി തിലകിന്റെ കുതിപ്പ് ; ഒരുപിടി അത്യപൂർവ്വ റെക്കോർഡുകളും തകർന്നു തരിപ്പണമായി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ സെഞ്ചുറി പ്രകടനത്തോടെ അത്യപൂർവ റെക്കോർഡ് സ്വന്തമാക്കി തിലക് വർമ്മ. ഹൈദരാബാദിനു വേണ്ടി മേഘാലയയ്ക്കെതിരെയാണ് തിലക് തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്.
ടി20 ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി ഇതോടെ തിലക് മാറി. രാജ്‌കോട്ടിൽ മേഘാലയയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനുവേണ്ടി 67 പന്തിൽ നിന്ന് 151 റൺസ് നേടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
തിലകിന് മുന്നിൽ കടപുഴകിയ റെക്കോർഡ് നേട്ടങ്ങൾ:
- ടി20യിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ.
- മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (151 റൺസ്).
- ശ്രേയസ് അയ്യരുടെ 147 റൺസിന്റെ റെക്കോർഡ് മറികടന്നു.
- ടി20യിൽ 150 സ്കോർ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായും തിലക് മാറി.
22 കാരനായ തിലക് ദക്ഷിണാഫ്രിക്കയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന് ശേഷമാണ് ആഭ്യന്തര ടി20 മത്സരത്തിനിറങ്ങിയത് - സെഞ്ചൂറിയനിൽ പുറത്താകാതെ 107 റൺസും ജോഹന്നാസ്ബർഗിൽ പുറത്താകാതെ 120 റൺസും അദ്ദേഹം നേടി. ഹൈദരാബാദിനുവേണ്ടിയുള്ള തന്റെ ഇന്നിംഗ്‌സിലൂടെ, ടി20യിൽ 150 സ്കോർ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരമായി അദ്ദേഹം മാറി. നേരത്തെ, കിരൺ നാവിഗേരെ, 2022-ൽ സീനിയർ വനിതാ ടി20 ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ നാഗാലാൻഡിനുവേണ്ടി കളിക്കുമ്പോൾ പുറത്താകാതെ 162 റൺസ് നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുൽ സിംഗ് ഗാലൗട്ടിനെ നഷ്ടമായി. എന്നാൽ മൂന്നാം നമ്പറിലിറങ്ങിയ തിലക് വർമ്മ ടീമിനെ മുന്നോട്ട് നയിച്ചു. 14 ഫോറുകളും 10 സിക്സറുകളും അടക്കം 225.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. മീഡിയം പേസർ ദിപ്പു സാങ്മയ്‌ക്കെതിരെയാണ് അദ്ദേഹം കൂടുതൽ ആക്രമണോത്സുകനായി കളിച്ചത്. 18 പന്തിൽ നിന്ന് 6 ഫോറുകളും 3 സിക്സറുകളും അടക്കം 50 റൺസ് സാങ്മയ്‌ക്കെതിരെ അദ്ദേഹം നേടി.
രണ്ടാം വിക്കറ്റിൽ തന്മയ് അഗർവാളിനൊപ്പം (23 പന്തിൽ 55) 122 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ തിലക്, മൂന്നാം വിക്കറ്റിൽ ബുദ്ധി രാഹുലിനൊപ്പം (23 പന്തിൽ 30) 84 റൺസ് കൂട്ടുകെട്ടുയർത്തി. 20 ഓവറിൽ 248/4 എന്ന നിലയിലാണ് ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവരുടെ ഏറ്റവും ഉയർന്ന സ്കോർ ആണിത്. മത്സരത്തിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ ഉയർന്ന സ്കോറും ഇതാണ്.
കഴിഞ്ഞ മൂന്ന് സീസണുകളായി മുംബൈ ഇന്ത്യൻസിനുവേണ്ടി കളിക്കുന്ന തിലകിനെ ഐപിഎൽ 2025 ലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയിരുന്നു.
തിലകിന്റെ അസാധാരണ ഫോം:
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ മൂന്നാം നമ്പറിൽ കളിച്ച തിലക് അവസാന രണ്ട് കളികളിലും സെഞ്ച്വറി നേടി പരമ്പരയുടെ താരമായിരുന്നു. ഒരു ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡിട്ട തിലക് ഐസിസി ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. നിലവിൽ ഏറ്റവും ഉയർന്ന റാങ്കിങിലുള്ള ഇന്ത്യൻ ടി20 ബാറ്ററാണ് തിലക്.
തിലകിന്റെ സമീപകാല ടി20 ഇന്നിംഗ്സുകൾ:
- ഇന്ത്യയ്ക്കുവേണ്ടി 107* (56)
- ഇന്ത്യയ്ക്കുവേണ്ടി 120* (47)
- ഹൈദരാബാദിനുവേണ്ടി ക്യാപ്റ്റനായി 151 (67)
ഈ പ്രകടനങ്ങൾ തിലക് വർമ്മയുടെ അസാധാരണ ഫോം വ്യക്തമാക്കുന്നു.