കിവീസ് ക്രിക്കറ്റില്‍ വീണ്ടും ഇലകൊഴിയുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസിന്റെ റണ്‍സ് വേട്ടക്കാരന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വീണ്ടും വിരമിക്കല്‍ വാര്‍ത്ത. പേസര്‍ ടിം സൗത്തിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ ഡിസംബറില്‍ ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരെയായിരിക്കും അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് സൗത്തി.
എന്നിരുന്നാലും, അടുത്ത ജൂണില്‍ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് ന്യൂസിലന്‍ഡ് യോഗ്യത നേടിയാല്‍ ടീമിനായി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് സൗത്തി വ്യക്തമാക്കി.
'ന്യൂസിലന്‍ഡിനെ പ്രതിനിധീകരിക്കുക എന്നതായിരുന്നു എന്റെ സ്വപ്‌നം. 18 വര്‍ഷമായി ബ്ലാക്ക് ക്യാപ്സിനായി കളിക്കുന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയും അവകാശവുമാണ്. പക്ഷേ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയമായി എനിക്ക് തോന്നുന്നു' സൗത്ത് പ്രഖ്യാപിച്ചു.
2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് സൗത്തി ശ്രദ്ധേയനായത്. ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി ന്യൂസിലന്‍ഡ് ബൗളിംഗ് നിരയെ നയിച്ച സൗത്തി, നാല് ഏകദിന ലോകകപ്പുകള്‍, ഏഴ് ടി20 ലോകകപ്പുകള്‍, രണ്ട് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകള്‍, ഒരു ഡബ്ല്യുടിസി ഫൈനല്‍ എന്നിവയില്‍ കളിച്ചിട്ടുണ്ട്. സതാംപ്ടണില്‍ നടന്ന ഡബ്ല്യുടിസി ഫൈനലില്‍ അദ്ദേഹം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് സൗത്തി. 104 ടെസ്റ്റുകളില്‍ നിന്ന് 385 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 300-ലധികം വിക്കറ്റുകളും ഏകദിനത്തില്‍ 200-ലധികം വിക്കറ്റുകളും ടി20യില്‍ 100 വിക്കറ്റുകളും നേടിയ ലോകത്തിലെ ഏക കളിക്കാരനാണ് സൗത്തി.
അടുത്തിടെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഇന്ത്യയെ 3-0 ന് തോല്‍പ്പിക്കാന്‍ സൗത്തി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ടോം ലാഥത്തിന് ക്യാപ്റ്റന്‍സി കൈമാറുന്നതിന് മുമ്പ് ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗത്തി.
ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ മഹാനായ താരങ്ങളില്‍ ഒരാളാണ് സൗത്തിയെന്ന് എന്‍സിസി ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് വീനിങ്ക് പറഞ്ഞു.
'ബ്ലാക്ക് ക്യാപ്സിന്റെ വിജയങ്ങളില്‍ ടിം ഒരു സ്ഥിരസാന്നിധ്യമായിരുന്നു, ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ ഒരു ഇതിഹാസമായി അദ്ദേഹം ഓര്‍മ്മിക്കപ്പെടും,' വീനിങ്ക് പറഞ്ഞു.
സൗത്തി ഇതുവരെ തന്റെ വൈറ്റ്-ബോള്‍ കരിയറിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും, ആഭ്യന്തര, ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.