വല്ല ആവശ്യവും ഉണ്ടായിരുന്നോ? സഞ്ജുവിന്റെ അച്ഛനോട് ഇന്ത്യൻ ഇതിഹാസം..
സഞ്ജു സാംസണിന്റെ പിതാവ് ഈയിടെ നടത്തിയ വിവാദ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ആകാശ് ചോപ്ര. വിരാട് കോലി, എം.എസ്. ധോണി, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് തന്റെ മകന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു സഞ്ജുവിന്റെ അച്ഛന്റെ വിമർശനം.. സൂര്യകുമാർ യാദവും, ഗൗതം ഗംഭീറുമാണ് സഞ്ജുവിന് പരിഗണന നൽകിയത് എന്നായിരുന്നു വാദം. എന്നാൽ തുടർ സെഞ്ചുറികളുമായി തിളങ്ങി നിന്ന സഞ്ജു വിവാദത്തിന് ശേഷം കളിച്ച രണ്ട് ഇന്നിങ്‌സുകളിലും പൂജ്യത്തിന് പുറത്തായി.
കോലി, ധോണി, രോഹിത്, ദ്രാവിഡ് എന്നിവർ തന്റെ മകന്റെ കരിയറിലെ 10 വർഷം പാഴാക്കിയെന്നായിരുന്നു സഞ്ജുവിന്റെ പിതാവിന്റെ ആരോപണം.
"സഞ്ജു സാംസണിന്റെ പിതാവ് വളരെ രസകരമായ ഒരു കാര്യം പറഞ്ഞു. കോലി, ധോണി, രോഹിത്, ദ്രാവിഡ് എന്നിവരുടെ പേരിനൊപ്പം ജി ചേർത്ത് അദ്ദേഹം പറഞ്ഞു, അവർ തന്റെ മകന്റെ കരിയറിലെ 10 വർഷം നശിപ്പിച്ചുവെന്ന്. ഇത് ആവശ്യമായിരുന്നോ എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്" ചോപ്ര പറഞ്ഞു.
Advertisement
ഒരു പിതാവ് എന്ന നിലയിൽ, എല്ലായ്പ്പോഴും അവരുടെ കുട്ടികളോട് പക്ഷപാതപരമായിരിക്കുന്നതിൽ തെറ്റില്ല. നമ്മുടെ കുട്ടികൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്, അവരുടെ ഒരു കുറവുകളും നാം കാണുന്നില്ല. എന്റെ അച്ഛന്റെ കാര്യത്തിലും ഇത് അങ്ങനെത്തന്നെയായിരുന്നു. ആകാശിനോട് തെറ്റ് ചെയ്തുവെന്നും അദ്ദേഹത്തിനും കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹവും പറയുന്നുണ്ടാകാം," ചോപ്ര പറഞ്ഞു.
യുവരാജ് സിംഗിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഇത്തരം ആരോപണങ്ങൾ എന്നാൽ സഞ്ജുവിനെ ഒരുതരത്തിലും സഹായിക്കില്ലെന്ന് ചോപ്ര ചൂണ്ടിക്കാണിക്കുന്നു.
"യോഗരാജ് സിംഗിന്റെയും യുവരാജ് സിംഗിന്റെയും കാര്യത്തിൽ നമ്മൾ ഇത് കണ്ടിട്ടുണ്ട്. യോഗരാജ് സിംഗ് എന്തെങ്കിലും പറയുന്നു, തുടർന്ന് യുവിക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ല. അദ്ദേഹം അതിൽ നിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ ഇത്തരം പരസ്യ വിമർശനങ്ങൾ ഒരുതരത്തിലും സഹായിക്കുന്നില്ല. നിങ്ങൾക്ക് അതിൽ നിന്ന് എന്ത് നേട്ടമുണ്ടാകും?" ചോപ്ര ചോദിച്ചു.
യുവരാജിന്റെ പിതാവ് യോഗരാജ് സിംഗ് തന്റെ മകനെ പിന്തുണയ്ക്കാത്തതിന് ധോണിയെ ആവർത്തിച്ച് കുറ്റപ്പെടുത്തിയിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവരാജ് ഈ ആരോപണങ്ങൾ നിഷേധിക്കുകയും അത് തന്റെ പിതാവിന്റെ വീക്ഷണം മാത്രമാണെന്ന് തിരുത്തുകയും ചെയ്തിരുന്നു.
സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് താരത്തെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കണമെന്ന് ആകാശ് ചോപ്ര അഭ്യർത്ഥിച്ചു.
"നിങ്ങൾ ഒരു ശവക്കുഴി കുഴിച്ചാൽ, നിങ്ങൾക്ക് ഒരു അസ്ഥികൂടം മാത്രമേ ലഭിക്കൂ. നിങ്ങൾക്ക് മറ്റൊന്നും ലഭിക്കില്ല. ആ അസ്ഥികൂടം കൊണ്ട് നിങ്ങൾ എന്തുചെയ്യും? അയാൾ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ അവനെ കളിക്കാൻ അനുവദിക്കൂ. നിങ്ങൾ ഡൽഹിയിലായിരുന്നുവെന്നും ജോലി ഉപേക്ഷിച്ചു കേരളത്തിലേക്ക് പോയെന്നും നിങ്ങളുടെ ജീവിതം മുഴുവൻ സഞ്ജുവിൽ നിക്ഷേപിച്ചുവെന്നും, നിങ്ങൾക്ക് പറയാൻ വൈകാരികമായി ഒരുപാട് കാരണങ്ങൾ ഉണ്ടാവുമെന്നും എനിക്ക് മനസ്സിലാകും, പക്ഷേ അതുകൊണ്ട് യാതൊരു ഗുണവുമില്ല" ചോപ്ര പറഞ്ഞു.
കൂടാതെ, കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റോളിൽ കളിക്കുമ്പോൾ സഞ്ജു ആഭ്യന്തര ക്രിക്കറ്റിനെ തീ പിടിപ്പിച്ചിരുന്ന ബാറ്സ്മാൻ ഒന്നും അല്ലെന്നും ചോപ്ര ഓർമിപ്പിക്കുന്നു.
"രണ്ടാമതായി, സഞ്ജു സാംസൺ എല്ലായ്പ്പോഴും ധാരാളം റൺസ് നേടുന്നുണ്ടായിരുന്നില്ല. നിങ്ങൾ അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് നമ്പറുകൾ കാണുകയാണെങ്കിൽ, അദ്ദേഹം അവിടെ അത്ര മികച്ച താരമൊന്നും ആയിരുന്നില്ലെന്ന് മനസിലാവും. സ്വയം ഒരു സൂപ്പർസ്റ്റാറായി കേരളം പോലുള്ള ഒരു ടീമിനായി നാൽപ്പതിൽ താഴെ ശരാശരിയിൽ കളിക്കുമ്പോൾ, സ്വന്തം കഴിവിനോട് നീതി പുലർത്തിയോ എന്ന് പരിശോധിക്കപെടണം" ചോപ്ര പറഞ്ഞു.
107 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിൽ നിന്ന് 39.12 ശരാശരിയിൽ 3,834 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. 390 വൈറ്റ്-ബോൾ ഇന്നിംഗ്സുകളിൽ ലിസ്റ്റ് എയിലും ടി20യിലും അദ്ദേഹത്തിന്റെ ശരാശരി യഥാക്രമം 33.85 ഉം 29.48 ഉം ആണ്.