'ഞാനല്ല മത്സരം ജയിപ്പിച്ചത്'; അവന്റെ മികവാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചതെന്ന് ബുംറ
പെർത്തിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ 295 റൺസിന് തകർത്ത് ചരിത്ര വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തുകയും, നിർണായക നിമിഷങ്ങളിൽ മികച്ച തീരുമാനങ്ങളിലൂടെ ക്യാപ്റ്റൻസി മികവ് പുലർത്തുകയും ചെയ്ത ഇന്ത്യൻ നായകൻ ജസ്പീത് ഭുമ്രയാണ് മത്സരത്തിൽ ‘മാൻ ഓഫ് ദി മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ബുംറ, മാൻ ഓഫ് ദ മാച്ച് പുരസ്കാരം യശസ്വി ജയ്‌സ്വാളിന് നൽകണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റിൽ തന്നെ 161 റൺസ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ പ്രകടനമാണ് വിജയത്തിൽ നിർണായകമായതെന്നാണ് ബുംറയുടെ പക്ഷം.
"യശസ്വി തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് പെർത്തിൽ കളിച്ചത്. ഞാനായിരുന്നെങ്കിൽ തീർച്ചയായും മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കുക ജയ്‌സ്വാളിനെയായിരിക്കും." ബുംറ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Advertisement
കോഹ്ലിയെ പ്രശംസിച്ച് ബുംറ
സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെയും ബുംറ പ്രശംസിച്ചു. "വിരാട് ഒരിക്കലും ഫോം ഔട്ട് ആണെന്ന് ഞാൻ കരുതിയിരുന്നില്ല. നെറ്റ്സിൽ അദ്ദേഹം അത്ര മനോഹരമായാണ് ബാറ്റ് ചെയ്യുന്നത്" ബുംറ പറയുന്നു. കൂടാതെ, വിരാടിന് മത്സരം ജയിപ്പിക്കാൻ തങ്ങളുടെ ആരുടെയും ആവശ്യമില്ലെന്നും, എന്നാൽ കൊഹ്‌ലിയെ തങ്ങൾക്കാണ് ടീമിൽ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് ബുംറ
പെർത്ത് വിജയം തനിക്ക് വളരെ സ്പെഷ്യലാണെന്നു പറഞ്ഞ ബുംറ മകനെ കുറിച്ചും വാചാലനായി. "ഈ മത്സരം കാണാൻ എന്റെ മകൻ ഇവിടെയുണ്ട്. അവൻ വലുതാകുമ്പോൾ എനിക്ക് ഒട്ടേറെ കഥകൾ പറഞ്ഞുകൊടുക്കാനുണ്ടാകും. ടി20 ലോകകപ്പിൽ കിരീടം നേടിയതും ക്യാപ്റ്റനായി പെർത്തിൽ നേടിയ ജയവുമെല്ലാം അതിലുണ്ടാകും," ബുംറ പറഞ്ഞു.
രോഹിതിനെ കുറിച്ച് ബുംറ
അടുത്ത ടെസ്റ്റിൽ രോഹിത് ശർമ്മ തിരിച്ചെത്തുമ്പോൾ ക്യാപ്റ്റൻ സ്ഥാനം കൈമാറുന്നതിനെക്കുറിച്ചും ബുംറ സംസാരിച്ചു. "രോഹിത് ആണ് ഞങ്ങളുടെ ക്യാപ്റ്റൻ. ഞാൻ ആദ്യ ടെസ്റ്റിനായി മാത്രം അദ്ദേഹത്തിന് പകരം വന്ന നായകനാണ്" ബുംറ പറഞ്ഞു.