തുടർ സെഞ്ചുറികളോടെ റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി തിലക് വർമ്മ; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഹർദിക് പാണ്ഡ്യയും, ആദ്യ പത്തിൽ സഞ്ജുവില്ല
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ യുവതാരം തിലക് വർമ്മ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ 69 സ്ഥാനങ്ങൾ മുന്നേറി മൂന്നാം സ്ഥാനത്തെത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മറികടന്ന് ഇന്ത്യയുടെ ടോപ് റാങ്കിലുള്ള ടി20 ബാറ്റ്‌സ്മാനായി തിലക് മാറി. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് റാങ്കിംഗിൽ ഒന്നാമത്, ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടിനാണ് രണ്ടാം സ്ഥാനം.
അതേസമയം, ഇന്ത്യയുടെ മുൻ ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലോകത്തിലെ ഒന്നാം നമ്പർ ടി20 ഓൾറൗണ്ടർ സ്ഥാനം തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയിലെ സമീപകാല പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്‌സ്റ്റണെയും നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐറിയെയും മറികടന്ന് ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാണ്ഡ്യ നേടിയ 39 റൺസ് ഇന്ത്യയുടെ ഇന്നിംഗ്‌സിൽ നിർണായകമായിരുന്നു. കൂടാതെ നിർണായകമായ നാലാം മത്സരത്തിൽ മൂന്ന് ഓവറിൽ 1/8 എന്ന നിലയിൽ ബൗളിങ്ങിലും തിളങ്ങി ഇന്ത്യക്ക് 3-1 എന്ന നിലയിൽ പരമ്പര വിജയം ഉറപ്പാക്കാനും പാണ്ഡ്യക്കായി. ഈ വർഷം നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് 2024 ന്റെ അവസാനത്തിലാണ് ആദ്യമായി പാണ്ഡ്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്.
പുതിയ റാങ്കിംഗ് അപ്‌ഡേറ്റിൽ മികച്ച കുതിച്ചുചാട്ടം നടത്തിയത് പാണ്ഡ്യ മാത്രമല്ല. ദക്ഷിണാഫ്രിക്കയിൽ 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടിയ തിലക് വർമ്മ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും 280 റൺസും നേടിയതിന് ശേഷം ബാറ്റിംഗ് ചാർട്ടിൽ 69 സ്ഥാനങ്ങൾ മുന്നേറിയാണ് മൂന്നാം സ്ഥാനത്തെത്തിയത്.. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയ മറ്റൊരു ബാറ്ററായ മലയാളി താരം സഞ്ജു സാംസൺ 17 സ്ഥാനങ്ങൾ മുന്നേറി റാങ്കിങ്ങിൽ 22-ാം സ്ഥാനത്തെത്തി.
ടി20 ബൗളർമാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാമ്പ, നാഥൻ എല്ലിസ് എന്നിവരാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് മൂന്ന് സ്ഥാനങ്ങൾ മുന്നേറി ഒമ്പതാം സ്ഥാനത്തെത്തി.
ന്യൂസിലൻഡിനെതിരായ 2-0 പരമ്പര വിജയത്തിന് ശേഷം നിരവധി ശ്രീലങ്കൻ താരങ്ങൾ ഏകദിന റാങ്കിംഗിൽ മുന്നേറി. മൂന്ന് മത്സരങ്ങളിലായി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർ സ്പിന്നർ മഹേഷ് തീക്ഷണ ബൗളർമാരുടെ പട്ടികയിൽ ആറ് സ്ഥാനങ്ങൾ മുന്നേറി ആറാം സ്ഥാനത്തെത്തി.