ഓസീസിനെതിരെ ഓപ്പണറാകാന്‍ സഞ്ജുവും, തീരുമാനം ഗംഭീറിന്റെ കോര്‍ട്ടില്‍
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് ആരു വരും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ഥാനത്തേയ്ക്കാണ് ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ആണ് മത്സരിക്കുന്നത്.
സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യശസ്വി ജയ്‌സ്വാള്‍ ഓപണറുടെ റോളില്‍ തുടരുവാനാണ് സാധ്യത. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതുമുതല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപണറുടെ റോളില്‍ തുടരുന്നത്.
മറ്റൊരു സ്ഥാനത്തിനായാണ് പ്രധാനമായും മത്സരം നടക്കുന്നത്. അതെസമയം മലയാളി താരം സഞ്ജു സാംസണിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായും മുറവിളി ഉയരുന്നുണ്ട്. ഏറ്റവും അവസാനം കളിച്ച ടി20കളിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അന്താരാഷ്ട്ര ഏകദിനത്തിലുമെല്ലാം സഞ്ജു സെഞ്ച്വറി നേടി നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളോട് സമാനമായ ഓസ്‌ട്രേലിയന്‍ അനുഭവങ്ങളില്‍ സഞ്ജുവിന് തിളങ്ങാനാകും എന്നാണ് വാദമുയരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗംഭീറും ഇന്ത്യന്‍ ടീം മാനേജുമെന്റുമാണ്. സഞ്ജുവിന്റെ ടെസ്റ്റ് അരങ്ങേറ്റം സഞ്ജുവിന്റെ കുടുംബം വരെ ആവശ്യപ്പെട്ടത് ിത്തരമൊരു സാഹചര്യത്തിലാണ്.
അതെസമയം ഗംഭീര്‍ പരീക്ഷണത്തിന് ഒരുങ്ങിയില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ മുമ്പ് കളിച്ചിട്ടുള്ളതാണ് രാഹുലിനും ഗില്ലിനും ഗുണം ചെയ്യുക. എന്നാല്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ മോശം പ്രകടനം നടത്തിയത് കെ എല്‍ രാഹുലിന് തിരിച്ചടി നല്‍കും. അങ്ങനെയെങ്കില്‍ നിലവില്‍ മൂന്നാം നമ്പറിലുള്ള ശുഭ്മന്‍ ഗില്‍ ഓപണറുടെ സ്ഥാനത്തേയ്ക്ക് എത്തിയേക്കും.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിനും ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിക്കൂ.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.