അക്കാര്യം സംഭവിച്ചാല്‍ ഇന്ത്യയെ അനായാസം സമ്മര്‍ദത്തിലാക്കാനാകും, വെല്ലുവിളിയുമായി കിവീസ നായകന്‍
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വെല്ലുവിളിച്ച് ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍. ദുബായില്‍ നടക്കുന്ന ഫൈനലില്‍ ടോസ് നേടാനായാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാകുമെന്നാണ് സാന്റ്‌നര്‍ പ്രതീക്ഷിക്കുന്നത്.
'ടോസ് നിര്‍ണായകമാകും. ടോസ് നേടിയാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കും. ഫൈനലിന് മുമ്പ് തന്നെ ഞങ്ങള്‍ ഇന്ത്യയെ നേരിട്ടിരുന്നു. അതിനാല്‍, ഇരു ടീമുകള്‍ക്കും പരസ്പരം നന്നായി അറിയാം' സാന്റനര്‍ പറഞ്ഞു.
ടോസ് നിര്‍ണായകമായേക്കാം
കഴിഞ്ഞ 13 മത്സരങ്ങളിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ടോസ് നഷ്ടപ്പെട്ട സ്ഥിതിക്ക്, ഫൈനലില്‍ ടോസ് നേടാന്‍ സാദ്ധ്യതയുണ്ട്. ടോസ് ലഭിച്ചാല്‍ അത് മത്സരത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നേടി സമ്മര്‍ദ്ദത്തിലാക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. ഈ പ്രകടനം ആവര്‍ത്തിക്കാന്‍ തന്നെയാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്.
'ഇന്ത്യക്കെതിരെ ഗ്രൂപ്പ് മത്സരത്തില്‍ മുന്‍നിരയിലെ മൂന്ന് വിക്കറ്റുകള്‍ 30 റണ്‍സിനുള്ളില്‍ വീഴ്ത്തി ഞങ്ങളവരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ഫൈനലിലും ഞങ്ങള്‍ ശ്രമിക്കുക. അതിന്റെ കൂടെ ടോസ് കൂടി നേടാനായാല്‍ നന്നായി' സാന്റ്‌നര്‍ പറഞ്ഞു.
പകരം വീട്ടാന്‍ കിവീസ്
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 205 റണ്‍സിന് പുറത്തായിരുന്നു. 5 വിക്കറ്റുമായി തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിയാണ് കിവീസിനെ തകര്‍ത്തത്. ഈ തോല്‍വിക്ക് പകരം വീട്ടാന്‍ ആണ് കിവീസ് ശ്രമിക്കുന്നത്.
ഇതിന് മുന്‍പ് രണ്ട് തവണ ഐസിസി ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിട്ടുണ്ട്. 2000-ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2021-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ആയിരുന്നു അത്. ഈ രണ്ട് തവണയും ഇന്ത്യ പരാജയപ്പെട്ടു. സെമിയില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയത്.