വെജിറ്റബിള്‍ കളി ഇവിടെ വേണ്ട, രാഹുലിനെ പുറത്താക്കാന്‍ തീരുമാനിച്ച് ലഖ്‌നൗ
ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന ഭീഷണി നേരിടുന്ന കെഎല്‍ രാഹുലിന് ഐപിഎല്ലില്‍ നിന്നും അടുത്ത തിരിച്ചടി. അടുത്ത ഐപിഎല്‍ സീസണിനായി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് രാഹുലിനെ നിലനിര്‍ത്താന്‍ തയ്യാറല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ടീം മെന്റര്‍ സഹീര്‍ ഖാനും കോച്ച് ജസ്റ്റിന്‍ ലാംഗറും ചേര്‍ന്ന് രാഹുലിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് ടീം മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് കുറവാണെന്നും അദ്ദേഹം കളിക്കുന്ന മത്സരങ്ങളില്‍ ലഖ്നൗവിന് തോല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ് സഹീറും ലാംഗറും ചൂണ്ടിക്കാട്ടിയത്. ഇംപാക്ട് പ്ലെയര്‍ നിയമം നിലവില്‍ വന്നതോടെ ഉയര്‍ന്ന സ്‌കോറുകള്‍ നേടേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ രാഹുലിനെപ്പോലെ പതുക്കെ ബാറ്റ് ചെയ്യുന്ന താരത്തെ ടീമില്‍ നിലനിര്‍ത്താനാവില്ലെന്നും അവര്‍ വാദിച്ചു.
പകരം യുവ പേസര്‍ മായങ്ക് യാദവിനെ നിലനിര്‍ത്താനാണ് ലഖ്നൗവിന് താല്‍പ്പര്യം. 14 കോടി രൂപയാണ് മായങ്കിനെ നിലനിര്‍ത്താന്‍ ലഖ്‌നൗ ചിലവാക്കുക. മായങ്ക് ലഖ്നൗവിന്റെ കണ്ടെത്തലാണെന്നും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തണമെന്നുമാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. മായങ്കിനൊപ്പം ആയുഷ് ബദോണി, മെഹ്സിന്‍ ഖാന്‍ എന്നിവരെയും ലഖ്നൗ നിലനിര്‍ത്തിയേക്കും.
ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നിലനിര്‍ത്തുന്നില്ലെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കാനും ലഖ്നൗവിന് പദ്ധതിയുണ്ട്.