ആ ചതിക്ക് വില രണ്ടരലക്ഷം; ഇംഗ്ലണ്ടിന് പിഴയിട്ട് യുവേഫ
യൂറോ സെമിഫൈനലിൽ ഡെൻമാർക്കിനെ തറപറ്റിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ ആരാധകരുടെ അതിരുവിട്ട പ്രവർത്തികൾക്ക് ഇംഗ്ലീഷ് ടീമിന് യുവേഫ പിഴയിട്ടു. സെമിഫൈനലിൽ ഡെന്മാർക്ക് ഗോൾ കീപ്പർ കാസ്പര്‍ ഷ്മൈക്കലിന്‍റെ മുഖത്തേക്ക് ലേസര്‍ ലൈറ്റ് അടിച്ചതിനും, എതിർടീമുകളുടെ ദേശീയഗാനം ആലപിക്കുമ്പോൾ കൂവിയതിനുമാണ് പിഴശിക്ഷ.
3000 യൂറോ (26,54,061 രൂപ ) യാണ് പിഴയായി ഒടുക്കാൻ ഇംഗ്ലണ്ടിനോട് യുവേഫ നിർദ്ദേശിച്ചത്. സെമി ഫൈനലിൽ ഹാരി കെയ്ൻ വിജയഗോൾ നേടിയ സമയത്ത് ഡെന്മാർക്ക് ഗോൾ കീപ്പർ കാസ്പര്‍ ഷ്മൈക്കലിന്‍റെ മുഖത്തേക്ക് ലേസര്‍ ലൈറ്റ് അടിച്ച് കാഴ്ച്ച മറച്ചത് വിഡിയോയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം വഴങ്ങി സമനില പാലിച്ചതോടെ മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിൽ ലഭിച്ച പെനല്‍റ്റി കിക്കാണ് വിധിനിർണയിച്ചത്. കെയ്ൻ എടുത്ത സ്പോട്ട് കിക്ക് ഷ്മൈക്കൽ തടുത്തിട്ടെങ്കിലും റീ ബൗണ്ടിൽ പന്ത് വലയിലാക്കി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. എന്നാൽ കെയ്ൻ കിക്കെടുക്കാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വിവാദത്തിനാസ്പദമായ സംഭവം.
കെയ്ൻ കിക്കെടുക്കാൻ ഒരുങ്ങവെ കാണികളിലാരോ പച്ച നിറത്തിലുള്ള ലേസർ ലൈറ്റ് അടിച്ച് ഷ്മൈക്കലിന്റെ കാഴ്ച്ച മറഞ്ഞിരുന്നുവെന്ന് വീഡിയോകളിൽ വ്യക്തമായിരുന്നു. മാച്ച് റഫറി ഇത് കണ്ടില്ലെന്ന് നടിച്ചെങ്കിലും നടപടിയുമായി യുവേഫ മുന്നോട്ട് പോവുകയായിരുന്നു. അതിനിടെ പെനാൽറ്റി പോലും ഇംഗ്ലണ്ട് ‘ചതിയിലൂടെ’ നേടിയതാണ് എന്ന ആരോപണവും ശക്തമാണ്.
104ആം മിനിറ്റിൽ പന്തുമായി കുതിച്ച റഹീം സ്റ്റെർലിംഗിനെ ബോക്‌സിനുള്ളിൽ ഡെൻമാർക്ക് പ്രതിരോധ താരം വീഴ്ത്തി എന്നാരോപിച്ച് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. എന്നാൽ ഫൗൾ ഒന്നും ഇല്ലാതെ തന്നെ സ്റ്റെർലിംഗ് ബോകിസിൽ ‘ഡൈവ്’ ചെയ്‌തതാണ് എന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. എങ്കിലും ‘വാറിലും’ തീരുമാനം മാറ്റാതെ റഫറി പെനാൽറ്റിയിൽ ഉറച്ചുനിന്നു.
മത്സരം തുടങ്ങുന്നതിന് മുൻപായി ഡെന്മാർക്കിന്റെ ദേശീയഗാനം ആലപിക്കുമ്പോൾ വെംബ്ലിയിൽ ഭൂരിഭാഗം വരുന്ന ഇംഗ്ലീഷ് ആരാ ധകർ കൂവിയതും യുവേഫയെ ചൊടിപ്പിച്ചു. നേരത്തെ, ജർമനിയുമായുള്ള മത്സരത്തിന് മുന്നോടിയായും ഇംഗ്ലീഷ് ആരാധകർ കൂവിയിരുന്നു.