ബിസിസിഐ വാര്‍ഷിക കരാറുകള്‍ വൈകുന്നു; കോഹ്ലിയും രോഹിതും എ പ്ലസ് കരാര്‍ നഷ്ട്ടപെടുത്തുമോ?
കളിക്കാര്‍ക്കുളള ഈ വര്‍ഷത്തെ വാര്‍ഷിക കരാറുകളുടെ പട്ടിക ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അവരുടെ എ പ്ലസ് കരാറുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും മികവ് പുലര്‍ത്തുന്ന കളിക്കാര്‍ക്കാണ് എ പ്ലസ് കരാറുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്നും മൂവരും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണയായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുമ്പാണ് കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി അവസാനിക്കുന്നത് വരെ കാത്തിരിക്കാനാണ് ബിസിസിഐയുടെ തീരുമാനം.
എന്നിരുന്നാലും, ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മൂവര്‍ക്കും കേന്ദ്ര കരാറുകളുടെ ഉയര്‍ന്ന തലം നിലനിര്‍ത്താനാകും. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ മാത്രമാണ് എ പ്ലസ് കരാറുള്ള മറ്റൊരു ക്രിക്കറ്റ് താരം, അദ്ദേഹത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങളൊന്നുമില്ല.
അച്ചടക്കമില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയ ശ്രേയസ് അയ്യര്‍ക്ക് കേന്ദ്ര കരാര്‍ തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ താരം മികച്ച പ്രകടനം കാഴ്ചവെച്ചു. ആഭ്യന്തര സര്‍ക്യൂട്ടിലെ പ്രകടനവും അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും.
'ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത്തിന്റെ തീരുമാനം അറിയാന്‍ ബോര്‍ഡ് കാത്തിരിക്കും. അദ്ദേഹം വിരമിക്കാന്‍ തീരുമാനിച്ചാല്‍, ബോര്‍ഡ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജൂലൈയില്‍ ടി20 ലോകകപ്പ് നേടിയതും ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച നേതൃത്വം നല്‍കിയതും അവഗണിക്കാനാവില്ല,' ഒരു ബിസിസിഐ വൃത്തം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) കഴിഞ്ഞ സീസണില്‍ 'കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്നതിന്' സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് പ്രശംസിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം (ആര്‍സിബി) കിരീടം നേടുന്നത് അദ്ദേഹത്തിന്റെ ഇതിഹാസ കരിയറിന് 'മികച്ച ഫിനിഷിംഗ് ടച്ച്' നല്‍കുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.