മെഗാലേലത്തിൽ എടുക്കാച്ചരക്കായി; നാണക്കേട് മാറ്റാൻ ബാറ്റുവീശിയപ്പോൾ കടപുഴകിയത് സാക്ഷാൽ പന്തിന്റെ റെക്കോർഡ്
ഗുജറാത്ത് വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ഉർവിൽ പട്ടേൽ ബുധനാഴ്ച ത്രിപുരയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചു. വെറും 28 പന്തിൽ നിന്നാണ് ഉർവിൽ മൂന്ന് അക്കം കടന്നത്. നേരത്തെ, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയും താരം സ്വന്തം പേരിലാക്കിയിരുന്നു. ഈ നേട്ടത്തിന് ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ പുതിയ റെക്കോർഡ്.
26 കാരനായ ഉർവിൽ, ഋഷഭ് പന്തിന്റെ റെക്കോർഡാണ് മറികടന്നത്. 2018-ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ 32 പന്തിൽ നിന്ന് സെഞ്ച്വറി നേടി പന്ത് റെക്കോർഡ് സ്ഥാപിച്ചിരുന്നു. ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് ഉർവിലിന്റേത്. എസ്റ്റോണിയയുടെ സാഹിൽ ചൗഹാൻ സൈപ്രസിനെതിരെ 27 പന്തിൽ നിന്ന് നേടിയ സെഞ്ച്വറിയാണ് ഏറ്റവും വേഗമേറിയത്.
ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഉർവിൽ ഏഴ് ഫോറുകളും 12 സിക്സറുകളും അടിച്ചു കൂട്ടി, 35 പന്തിൽ നിന്ന് 113 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 156 റൺസ് എന്ന വിജയലക്ഷ്യം ഗുജറാത്ത് 10.2 ഓവറിൽ മറികടന്നു.
ഈ ആഴ്ച ആദ്യം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ ഉർവിൽ വിറ്റുപോയിരുന്നില്ല. കൃത്യം ഒരു വർഷം മുമ്പ്, ഗുജറാത്ത് ടൈറ്റൻസ് താരത്തെ വിട്ടയച്ചതിന് ശേഷം, ചണ്ഡീഗഡിൽ അരുണാചൽ പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ഗുജറാത്തിനായി 41 പന്തിൽ നിന്ന് 100 റൺസ് ഉർവിൽ നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയായിരുന്നു അത്.