ഞെട്ടിച്ച് വൈഭവ് സൂര്യവംശി, തൂക്കിയത് മൂന്ന് സുപ്രധാന റെക്കോഡുകള്‍
ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരം: 14 വയസ്സും 23 ദിവസവും പ്രായമുള്ള സൂര്യവംശിയാണ് ഇപ്പോള്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 2008ല്‍ ആരംഭിച്ച ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന പ്രയാസ് റേ ബര്‍മന്‍ 2019ല്‍ 16 വയസ്സും 157 ദിവസവും പ്രായമുള്ളപ്പോള്‍ നടത്തിയ അരങ്ങേറ്റമായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ റെക്കോഡ്.
- ഐപിഎല്ലില്‍ സിക്‌സര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം: ഐപിഎല്ലില്‍ സിക്‌സര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഇനി സൂര്യവംശിയുടെ പേരിലാണ്. സഹതാരമായ റിയാന്‍ പരാഗ് 17 വയസ്സും 161 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സിക്‌സറിന്റെ റെക്കോഡാണ് സൂര്യവംശി മറികടന്നത്.
- ഐപിഎല്ലില്‍ ഫോര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം: ഐപിഎല്ലില്‍ ഫോര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഈ യുവതാരത്തിന് സ്വന്തം. ഇതിനുമുമ്പ് ഈ റെക്കോഡ് ആറ് വര്‍ഷത്തോളം പ്രയാസ് റേ ബര്‍മന്റെ പേരിലായിരുന്നു.
അരങ്ങേറ്റത്തില്‍ തന്നെ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ എലൈറ്റ് താരങ്ങളുടെ പട്ടികയിലും സൂര്യവംശി ഇടംപിടിച്ചു. ഓസ്‌ട്രേലിയയുടെ റോബ് ക്വിനി, വെസ്റ്റ് ഇന്‍ഡീസിന്റെ കെവോണ്‍ കൂപ്പര്‍, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ആന്ദ്രേ റസ്സല്‍, വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഇന്ത്യയുടെ അനി കേത് ചൗധരി, വെസ്റ്റ് ഇന്‍ഡീസിന്റെ ജാവോണ്‍ സീലെസ്, ഇന്ത്യയുടെ സിദ്ധേഷ് ലാഡ്, ശ്രീലങ്കയുടെ മഹീഷ് തീക്ഷണ, ഇന്ത്യയുടെ സമീര്‍ റിസ്വി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.
മത്സരത്തിലേക്ക് വന്നാല്‍, ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 5 ഫോറുകളും 3 സിക്‌സറുകളും സഹിതം 66 റണ്‍സ്), ആയുഷ് ബദോണി (34 പന്തില്‍ 5 ഫോറുകളും 1 സിക്‌സറും സഹിതം 50 റണ്‍സ്) എന്നിവരുടെ അര്‍ധസെഞ്ചുറികളും അബ്ദുള്‍ സമദിന്റെ (10 പന്തില്‍ 4 സിക്‌സറുകളോടെ പുറത്താകാതെ 30 റണ്‍സ്) വെടിക്കെട്ട് ബാറ്റിംഗും ലഖ്നൗവിനെ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സിലെത്തിച്ചു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല. അവര്‍ 2 റണ്‍സിന് പരാജയപ്പെട്ടു. ഇത് രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്.