Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

വൈഭവിന്റെ സെഞ്ച്വറി കണ്ടു, വീല്‍ ചെയറിലാണെന്ന് പോലും മറന്ന് ചാടി എഴുന്നേറ്റ് ദ്രാവിഡ്

09:45 AM Apr 29, 2025 IST | Fahad Abdul Khader
Updated At : 09:45 AM Apr 29, 2025 IST
Advertisement

ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം തിങ്കളാഴ്ച ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഗം വൈഭവ് സൂര്യവംശി, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 35 പന്തുകളില്‍ സെഞ്ചറി നേടി ഐപിഎല്‍ ചരിത്രത്തില്‍ തന്റെ പേര് സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്തു.

Advertisement

ഈ പ്രകടനം കേവലം ഒരു വ്യക്തിഗത നേട്ടം മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് പുതു ജീവന്‍ നല്‍കുന്ന ഒരു വെളിപ്പെടുത്തല്‍ കൂടിയായി മാറിയിരിക്കുകയാണ്.

വൈഭവിന് വെറും 14 വയസ്സെ ഉളളു എന്നതാണ് ഈ സെഞ്ച്വറി നേട്ടത്തെ അവിശ്വസനീയമാക്കുന്നത്. ഇതോടെ വൈഭവ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേടുന്ന താരമായി മാറി. അതോടൊപ്പം, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡും ഈ കൗമാരക്കാരന്‍ സ്വന്തമാക്കി.

Advertisement

വെറും 17 പന്തുകളില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ശേഷം, വൈഭവിന്റെ ബാറ്റ് കൊടുങ്കാറ്റായി മാറുകയായിരുന്നു. റാഷിദ് ഖാനെപ്പോലൊരു ലോകോത്തര സ്പിന്നറെ സിക്‌സര്‍ പറത്തി സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍, സ്റ്റേഡിയം ആവേശത്താല്‍ മുഖരിതമായി. ഏഴ് ഫോറുകളും പതിനൊന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആ മാന്ത്രിക ഇന്നിംഗ്‌സ്.

സെഞ്ചുറിക്ക് ശേഷം അധികം വൈകാതെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വൈഭവ് പുറത്തായെങ്കിലും, അപ്പോഴേക്കും അവന്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. വൈഭവിന്റെ ഈ അസാമാന്യ പ്രകടനം രാജസ്ഥാന്‍ റോയല്‍സിന് അനായാസ വിജയം സമ്മാനിച്ചു. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍, 25 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ (40 പന്തില്‍ 70*) ഇന്നിംഗ്‌സും, നായകന്‍ റയാന്‍ പരാഗിന്റെ വെടിക്കെട്ട് ബാറ്റിംഗും (15 പന്തില്‍ 32) വിജയത്തിന് നിര്‍ണായകമായി.

വൈഭവിന്റെ സെഞ്ചുറിക്ക് സ്റ്റേഡിയം നല്‍കിയ സ്വീകരണം അവിസ്മരണീയമായിരുന്നു. റോയല്‍സ് ടീം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഈ യുവതാരത്തെ അഭിനന്ദിച്ചു. ബെംഗളൂരുവില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പോലും വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് വൈകാരിക കാഴ്ച്ചയായി.

ഈ പ്രകടനം വെറും ഒരു ഒറ്റപ്പെട്ട സംഭവം ആകാനുള്ള സാധ്യതയില്ല. വൈഭവ് സൂര്യവംശി എന്ന കൗമാരക്കാരന്റെ പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ശരിയായ പരിശീലനവും പിന്തുണയും ലഭിക്കുകയാണെങ്കില്‍, വരും വര്‍ഷങ്ങളില്‍ ഈ താരം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മുന്നേറ്റം നടത്തുമെന്നതില്‍ സംശയമില്ല.

Advertisement
Next Article