വിജയ് ഹസാരെയിലും തുല്യതയില്ലാത്ത റെക്കോര്‍ഡുമായി രാജസ്ഥാന്റെ വണ്ടര്‍ കിഡ്
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷണല്‍ വൈഭവ് സൂര്യവംശി റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ മാസം ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഈ പതിമൂന്നുകാരന്‍ മാറിയിരുന്നു. ഇപ്പോള്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്.
ശനിയാഴ്ച വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ നടന്ന ബിഹാറിന്റെ ആദ്യ മത്സരത്തിലാണ് ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ അരങ്ങേറ്റം കുറിച്ചത്. 13 വയസും 269 ദിവസവും പ്രായമുള്ള വൈഭവ്, 1999/2000 സീസണില്‍ 14 വയസും 51 ദിവസവും പ്രായമുള്ളപ്പോള്‍ വിദര്‍ഭയ്ക്കായി ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച അലി അക്ബറിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
രഞ്ജി ട്രോഫിയില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം, അണ്ടര്‍ 19 തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോര്‍ഡുകളും വൈഭവിന്റെ പേരിലുണ്ട്.
എന്നാല്‍ ലിസ്റ്റ് എ കരിയറിലെ തുടക്കം വൈഭവിന് നിരാശാജനകമായിരുന്നു. മത്സരത്തില്‍ നാല് റണ്‍സെടുത്ത് പുറത്തായി. മധ്യപ്രദേശ് പേസര്‍ അവേഷ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ബിഹാര്‍ 196 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ അപരാജിത 55 റണ്‍സും ഓപ്പണര്‍ ഹര്‍ഷ് ഗവാളിയുടെ 83 റണ്‍സും മധ്യപ്രദേശിന് വിജയമൊരുക്കി. 25.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് ലക്ഷ്യം കണ്ടത്.
ഐപിഎല്ലില്‍ കളിക്കുന്നതിനേക്കാള്‍ രാജസ്ഥാന്‍ റോയല്‍സില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പരിശീലനം നേടാനുള്ള അവസരത്തിനാാണ് താന്‍ കൂടുതല്‍ ആവേശഭരിതനെന്ന് വൈഭവ് നേരത്തെ പറഞ്ഞിരുന്നു.
'ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതില്‍ ഞാന്‍ ശരിക്കും സന്തോഷവാനാണ്. രാഹുല്‍ ദ്രാവിഡ് സാറിനു കീഴില്‍ കളിക്കാന്‍ ഞാന്‍ ആവേശത്തിലാണ്, ഐപിഎല്ലില്‍ കളിക്കുന്നതിനേക്കാള്‍, അദ്ദേഹത്തിനു കീഴില്‍ കളിക്കാന്‍ കഴിയുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്'
'ഐപിഎല്ലിനായി എനിക്ക് പ്രത്യേക തന്ത്രങ്ങളൊന്നുമില്ല, ഞാന്‍ എന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.