വരവറിയിച്ച് 13കാരൻ; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യക്ക് അനായാസ വിജയം
19 വയസ്സിന് താഴെയുള്ളവരുടെ ഏഷ്യാ കപ്പിൽ യുഎഇയ്‌ക്കെതിരെ ഇന്ത്യയുടെ വൈഭവ് സൂര്യവംശി നടത്തിയ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യക്ക് അനായാസ ജയം. 46 പന്തിൽ നിന്ന് 76 റൺസ് നേടിയ പതിമൂന്ന്കാരൻ ബാറ്ററുടെ മികവിൽ ഇന്ത്യ യുഎഇയെ പത്തുവിക്കറ്റിന് തോൽപ്പിച്ചു. 6 സിക്‌സറുകളും 3 ഫോറുകളും അടങ്ങിയതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. ഈ പ്രകടനത്തിലൂടെ ഓസ്ട്രേലിയയ്‌ക്കെതിരെ അടുത്തിടെ നേടിയ സെഞ്ച്വറി യാദൃശ്ചികമായിരുന്നില്ലെന്ന് വൈഭവ് തെളിയിച്ചു. ഐപിഎൽ ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, അണ്ടർ19 ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെയും, ജപ്പാനെതിരെയും തിളങ്ങാൻ കഴിയാതെ വന്നപ്പോൾ വൈഭവ് വ്യാപകമായി ട്രോളുകൾക്ക് ഇരയായിരുന്നു.
ഐപിഎൽ താരത്തിന്റെ തിരിച്ചുവരവ്
ഐപിഎൽ 2025 മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് വാങ്ങിയ വൈഭവ് സൂര്യവംശിയിൽ ഏവർക്കും വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ പാകിസ്ഥാനും ജപ്പാനുമെതിരായ മത്സരങ്ങളിൽ വൈഭവിന് തിളങ്ങാനായില്ല. ഇതേ തുടർന്ന് വലിയ വിമർശനമാണ് താരത്തിന് നേരിടേണ്ടി വന്നത്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിനെയും വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കിയില്ല. എന്നാൽ യുഎഇയ്‌ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് വൈഭവ് വിമർശകരുടെ വായടപ്പിച്ചു.
വീഡിയോ കാണാം
1️⃣3️⃣-year old on a rampage 😎
Vaibhav Suryavanshi is setting the field on 🔥 at Sharjah in #UAEvIND 💪
Cheer for #TeamIndia in the #ACCMensU19AsiaCup, LIVE NOW on #SonyLIV 📲 pic.twitter.com/HSz8aiTUiW
— Sony LIV (@SonyLIV) December 4, 2024
ഇന്ത്യയുടെ അനായാസ വിജയം
ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറുകൾ ബാറ്റ് ചെയ്ത് 137 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിജയലക്ഷ്യം 16.1 ഓവറിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെടാതെ മറികടന്നു. വൈഭവിനൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങിയ അയുഷ് മാത്രെയും മികച്ച പ്രകടനം കാഴ്ചവച്ചു. തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറിയാണ് അയുഷ് നേടിയത്. 51 പന്തിൽ നിന്ന് 67 റൺസുമായി അയുഷ് പുറത്താകാതെ നിന്നു. 17 ഓവറിൽ 10 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഈ വിജയത്തോടെ ഇന്ത്യ 19 വയസ്സിന് താഴെയുള്ളവരുടെ ഏഷ്യാ കപ്പിന്റെ സെമി ഫൈനലിലെത്തി.