ഞെട്ടിപ്പോകുന്ന തൂക്കിയടി, രാജസ്ഥാനായി കൗമാര താരം വിസ്മയം തീര്‍ക്കുന്നു
ഐപിഎല്ലിലെ ആദ്യ മത്സരത്തിനുള്ള തയാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. പരിക്കില്‍ നിന്ന് മുക്തനായ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും സീസണിലെ ആദ്യ മത്സരത്തില്‍ കളിക്കുമെന്ന ആശ്വാസ വാര്‍ത്തക്കിടെ രാജസ്ഥാന്‍ പരിശീലന ക്യാംപില്‍ ആവേശമുയര്‍ത്തിയത് ഒരു കൗമാര താരമാണ്. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശി.
വൈഭവിന്റെ തകര്‍പ്പന്‍ പ്രകടനം
ഐപിഎല്‍ താരലേലത്തില്‍ 1.1 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ് പരിശീലന ക്യാംപില്‍ തകര്‍ത്തടിക്കുന്ന വീഡിയോ ആണ് രാജസ്ഥാന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
പുള്‍ഷോട്ടും ഹുക്ക് ഷോട്ടും കവര്‍ ഡ്രൈവുമെല്ലാം ആയി വൈഭവ് നെറ്റ്‌സില്‍ തകര്‍ത്തടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിരുന്നു.
സഞ്ജുവിന്റെ വാക്കുകള്‍
ഐപിഎല്ലില്‍ വൈഭവിന് തിളങ്ങാനാവുമെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയില്‍ അനായാസം സിക്‌സുകള്‍ പറത്തുന്ന വൈഭവ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അവന്റെ പവര്‍ ഹിറ്റിംഗിനെക്കുറിച്ച് ആളുകള്‍ ഇപ്പോഴെ ചര്‍ച്ച തുടങ്ങിയെന്നും ജിയോ ഹോട്സ്റ്റാറില്‍ സഞ്ജു പറഞ്ഞിരുന്നു. അവനില്‍ നിന്ന് ഞങ്ങള്‍ ഇതില്‍ കൂടുതലെന്താണ് പ്രതീക്ഷിക്കേണ്ടത്. അവന്റെ കരുത്ത് തിരിച്ചറിഞ്ഞ് അതിനെ പിന്തുണക്കുകയും ഒരു മൂത്ത സഹോദരനെപ്പോലെ എല്ലാ സഹായങ്ങളും നല്‍കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും സഞ്ജു പറഞ്ഞിരുന്നു.
വൈഭവിന്റെ പ്രതികരണം
ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുന്നു എന്നതിനെക്കാള്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ കളിക്കാന്‍ കഴിയുന്നു എന്നതാണ് തനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നതെന്ന് വൈഭവ് പറഞ്ഞിരുന്നു. ഐപിഎല്ലിനായി പ്രത്യേക തന്ത്രങ്ങളൊന്നും ഇല്ലെന്നും സ്വാഭാവിക പ്രകടനം പുറത്തെടുക്കാനാണ് ശ്രിക്കുകയെന്നും വൈഭവ് പറഞ്ഞിരുന്നു.
നേട്ടങ്ങള്‍
ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ചുറി അടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വൈഭവ് വിജയ് ഹസാരെ ട്രോഫിയില് ബറോഡക്കെതിരെ 42 പന്തില്‍ 71 റണ്‍സടിച്ചും തിളങ്ങി. ഇതോടെ ലിസ്റ്റ് എ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന് സ്വന്തമായി.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഇരട്ടി മധുരം നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അവരുടെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ യശസ്വി ജയ്‌സ്വാളും ആദ്യ മത്സരം കളിക്കാന്‍ ഫിറ്റ്‌നസ്സ് നേടിയിരിക്കുന്നു. അതോടൊപ്പം പരിശീലന കളരിയില്‍ ടീമിന്റെ പുതിയ മുതല്‍ക്കൂട്ട് പതിമൂന്ന് വയസ്സുകാരനായ വൈഭവ് സൂര്യവന്‍ശിയുടെ പ്രകടനം കൂടുതല്‍ ആവേശം നല്‍കുന്നു.