വേഗത്തിന്റെ രാജകുമാന് മതിയായി, സര്‍പ്രൈസ് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് വേഗതയുടെ പര്യായമായിരുന്ന വരുണ്‍ ആരോണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് ജാര്‍ഖണ്ഡ് പുറത്തായതിന് പിന്നാലെയാണ് 35-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2023-24 സീസണിന്റെ അവസാനം റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആരോണ്‍ ഇപ്പോള്‍ വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണ്.
'കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ജീവിച്ചതും ശ്വസിച്ചതും വേഗത്തില്‍ ബോളിംഗ് ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു. ഇന്ന്, അതിയായ നന്ദിയോടെ, ക്രിക്കറ്റില്‍ നിന്ന് ഞാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നു,' ആരോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു.
2010-11 സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് ആരോണ്‍ ശ്രദ്ധേയനായത്. അതേ വര്‍ഷം തന്നെ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇന്ത്യയ്ക്കായി രണ്ട് ഫോര്‍മാറ്റുകളിലുമായി 18 മത്സരങ്ങള്‍ കളിച്ച ആരോണ്‍ 29 വിക്കറ്റുകള്‍ നേടി.
2015-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരമായിരുന്നു ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം.
പരിക്കുകള്‍ അലട്ടിയെങ്കിലും, ആരോണ്‍ മികച്ച ഫസ്റ്റ് ക്ലാസ് കരിയര്‍ ആസ്വദിച്ചു. 66 മത്സരങ്ങളില്‍ നിന്ന് 33.27 ശരാശരിയില്‍ 173 വിക്കറ്റുകള്‍ അദ്ദേഹം നേടി. ലിസ്റ്റ് എയില്‍ 26.47 ശരാശരിയില്‍ 141 വിക്കറ്റുകളും. ഐപിഎല്ലില്‍ ഒമ്പത് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റാന്‍സ് എന്നീ അഞ്ച് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചു. 2022-ല്‍ ഗുജറാത്ത് ടൈറ്റാന്‍സിനൊപ്പം ഐപിഎല്‍ കിരീടം നേടി.