വന്‍ സര്‍പ്രൈസ്, ഇംഗ്ലണ്ടിനെ പൂട്ടാന്‍ ആ താരത്തെ കൂടി ഉള്‍പ്പെടുത്തി ടീം ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്നാലെ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയക്ക് ഏകദിന ടീമിലേക്കും വിളി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കാണ് വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ പ്രത്യേക വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ ചക്രവര്‍ത്തിയ്ക്ക് ഏകദിന അരങ്ങേറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളില്‍ 14 വിക്കറ്റുകളും വിജയ് ഹസാരെ ട്രോഫിയില്‍ 18 വിക്കറ്റുകളും നേടിയ പ്രകടനം അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി.
ടീമിന്റെ സ്പിന്‍ ആക്രമണത്തിന് ശക്തി പകരുന്നതാണ് ചക്രവര്‍ത്തിയുടെ വരവ്. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ അടങ്ങിയ സ്പിന്‍ നിരയിലേക്ക് ചക്രവര്‍ത്തി കൂടി എത്തുമ്പോള്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ശക്തമാകും.
വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനു വേണ്ടി കളിച്ച ചക്രവര്‍ത്തി, 18 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം മത്സരം ഫെബ്രുവരി 9-ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലും, അവസാന മത്സരം ഫെബ്രുവരി 12-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യാഷസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ആദ്യ രണ്ട് ഏകദിനങ്ങള്‍), ജസ്പ്രീത് ബുംറ (മൂന്നാം ഏകദിനം), വരുണ്‍ ചക്രവര്‍ത്തി.