'സുവർണാവസരം കളഞ്ഞുകുളിച്ചു; ഉണരൂ ഗംഭീർ.. ഉണരൂ' വെന്ന് മുൻ ഇതിഹാസ താരം
പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു വാംഅപ്പ് മത്സരം പോലും കളിക്കാതിരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ അത്ഭുതം പ്രകടിപ്പിച്ചു. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി പരിശീലത്തിന്റെ ഭാഗമായി വാക്കയിൽ ഒരു മാച്ച് സിമുലേഷൻ നടത്താനായിരുന്നു ഇന്ത്യൻ മാനേജ്‌മെന്റിന്റെ തീരുമാനം.
നേരത്തെ, ഇന്ത്യ എ ടീമുമായി ഒരു ഇൻട്രാ-സ്ക്വാഡ് മത്സരം കളിക്കാൻ ടീം ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാൽ സമയക്കുറവ് മൂലം അതും ഉപേക്ഷിച്ച് മാനേജ്‌മന്റ് മാച്ച് സിമുലേഷൻ എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
2020/21-ൽ ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ, അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിന് മുമ്പ് ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഒരു വാംഅപ്പ് മത്സരം കളിച്ചിരുന്നു. 2018/19 സീരിസിനിടെയും ഇങ്ങനെ തന്നെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ട് പര്യടനങ്ങളിലും ഇന്ത്യ ചരിത്ര വിജയങ്ങൾ നേടുകയും ചെയ്തു. ഇത്തവണ വാംഅപ്പ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തെയാണ് വോൻ ചോദ്യം ചെയ്യുന്നത്.
ഒരു ആഭ്യന്തര ടീമിനെതിരായ വാംഅപ്പ് മത്സരവുമായി താരതമ്യപ്പെടുത്തുമ്പോൾ, കളിക്കാർ ഒരു ഇൻട്രാ-സ്ക്വാഡ് ഗെയിമിൽ പങ്കെടുക്കുന്നത് അത്രതന്നെ മത്സര മനോഭാവം നൽകില്ലെന്നാണ് വോണിന്റെ അഭിപ്രായം.
"സ്വന്തം മൈതാനത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ പോലുള്ള ഒരു ടീം ഒരു ഇൻട്രാ-സ്ക്വാഡ് ഗെയിം മാത്രം കളിക്കാൻ തീരുമാനിക്കുന്നതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഒരു ഇൻട്രാ-സ്ക്വാഡ് ഗെയിം, അല്ലെങ്കിൽ ഒരു മാച്ച് സിമുലേഷൻ കളിച്ചുകൊണ്ട് നിങ്ങൾക്ക് എങ്ങനെ മത്സര മനോഭാവത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന് എനിക്ക് മനസിലാവുന്നില്ല."
വോൺ ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു.
വാക്കയിൽ ഒരു വാംഅപ്പ് മത്സരം കളിച്ചാൽ പെർത്ത് ബൗൺസിനോട് പൊരുത്തപ്പെടാൻ ഇന്ത്യൻടീമിന് അവസരം ലഭിക്കുമായിരുന്നുവെന്നും ഒപ്റ്റസ് സ്റ്റേഡിയത്തിലേക്ക് മാറുന്നതിന് മുമ്പ് അത് ഗുണം ചെയ്യുമായിരുന്നുവെന്നും വോൺ പറയുന്നു.
"വാക്കാ പിച്ച് പരിശീലനത്തിനായി ലഭിച്ചിട്ടും ഇന്ത്യൻ ടീമിന് ഒരു ക്രിക്കറ്റ് മത്സരം പോലും വേണ്ട എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു, ഒപ്റ്റസ് സ്റ്റേഡിയത്തിന് സമാനമായ പിച്ചാണ് വാക്ക, അതിനാൽ ഇവിടെ കളിച്ചാൽ നിങ്ങൾക്ക് ബൗൺസിനോട് പൊരുത്തപ്പെടാൻ കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ താരങ്ങളുടെയും തന്റെ കാലത്തെ കളിക്കാർക്കും ഇടയിലുള്ള മാനസികാവസ്ഥയിലെ വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
"അവർ വർഷത്തിൽ 12 മാസവും കളിക്കുകയും നേരിട്ട് പരമ്പരകളിലേക്ക് കടക്കുകയും ചെയ്യുന്നു, എന്നാൽ ദൈർഘ്യമേറിയ ഫോർമാറ്റ് കളിക്കുമ്പോൾ ആദ്യ ദിവസം എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് കാണേണ്ടത് തന്നെയാണ്. ആധുനിക താരങ്ങൾക്ക് ഒരുപക്ഷേ വാം അപ്പ് മത്സരങ്ങൾ ആവശ്യമില്ലെന്ന് കരുതുന്നുണ്ടാകാം. വർഷം മുഴുവനും അവർക്ക് ആവശ്യത്തിന് ക്രിക്കറ്റ് ലഭിക്കുമെന്നും അവർക്ക് പ്രതികരിക്കാനും പൊരുത്തപ്പെടാനും കഴിയുമെന്നും അവർ കരുതുന്നു." വോൻ പറഞ്ഞു..