കേരളം മടങ്ങുന്നത് തലയുയര്‍ത്തി തന്നെ, രഞ്ജി കിരീടം വിദര്‍ഭയ്ക്ക്
ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാന ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ വീണ്ടും കിരീടം ചൂടി വിദര്‍ഭ. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദര്‍ഭ കിരീടം നേടുന്നത്. ഫൈനല്‍ മത്സരത്തില്‍ കേരളത്തിനെതിരെ സമനില വഴങ്ങിയെങ്കിലും, ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ വിജയിക്കുകയായിരുന്നു. രഞ്ജിയില്‍ വിദര്‍ഭയുടെ മൂന്നാമത്തെ കിരീടമാണിത്.
സ്‌കോര്‍ ബോര്‍ഡ്
വിദര്‍ഭ ആദ്യ ഇന്നിംഗ്സ്: 379
കേരളം ആദ്യ ഇന്നിംഗ്സ്: 342
വിദര്‍ഭ രണ്ടാം ഇന്നിംഗ്സ്: 9 വിക്കറ്റിന് 375
അഞ്ചാം ദിവസം രാവിലെ 4 വിക്കറ്റിന് 249 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭ, കരുണ്‍ നായരുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ മികച്ച സ്‌കോര്‍ കണ്ടെത്തി. 295 പന്തില്‍ 135 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. തുടര്‍ന്ന് ദര്‍ശന്‍ നല്‍ക്കാണ്ടെയും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിനു പിന്നാലെ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
കേരളത്തിനായി ആദിത്യ സര്‍വതെ 4 വിക്കറ്റുകള്‍ വീഴ്ത്തി. എം.ഡി. നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, നെടുമണ്‍കുഴി ബേസില്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
കേരളത്തിന് ചരിത്ര നേട്ടം
കേരള ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനല്‍ ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ റണ്ണേഴ്‌സ് അപ്പ് ആയത് കേരളത്തെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.