വിജയ് ഹസാരെ കളിക്കാത്തത് കൊണ്ടല്ല, സഞ്ജു പുറത്താകാനുള ആ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ താരം
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകളാണല്ലോ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.
റിഷഭ് പന്ത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആയതുകൊണ്ടാണ് സഞ്ജുവിന് പകരം അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിച്ചതെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
സഞ്ജുവും റിഷഭ് പന്തും തമ്മിലായിരുന്നു ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സരം. ഇരുവരും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ കൂടിയായതിനാല്‍, ഈ തീരുമാനം ബുദ്ധിമുട്ടുള്ളതായിരുന്നു. എന്നാല്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന മുന്‍ഗണന റിഷഭ് പന്തിന് ലഭിച്ചുവെന്നാണ് കാര്‍ത്തിക്കിന്റെ വിലയിരുത്തല്‍.
ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനുമെതിരെ ടി20 പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 23 റണ്‍സാണ് സഞ്ജു നേടിയത്.