കോഹ്ലിയ്ക്കും രോഹിത്തിനും രഞ്ജി കുരുക്ക്, പാളിയാല്‍ ശ്രേയസിന്റേയും ഇഷാന്റേയും വിധി
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ബിസിസിഐ. ഇര്‍ഫാന്‍ പത്താന്‍, സുനില്‍ ഗവാസ്‌കര്‍, ഗൗതം ഗംഭീര്‍ എന്നിവരുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
അതെസമയം ജനുവരി 23ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു. 2023ല്‍ ബിസിസിഐ പുറത്തിറക്കിയ ചട്ടം പ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കണം. എന്നാല്‍, ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് അവരെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കോഹ്ലിയും രോഹിത്തും രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് സമാനമായ ശിക്ഷ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കോഹ്ലി ഫോം വീണ്ടെടുക്കണമെന്നും അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ബിസിസിഐയുടെ അഭിപ്രായം.
സാധുവായ കാരണങ്ങളില്ലാതെ രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കളിക്കാരുടെ ഭാവി തിരഞ്ഞെടുപ്പിനെ ഇത് ബാധിച്ചേക്കാം. ഓസ്ട്രേലിയയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
'ഇന്ത്യന്‍ ടീമിലേക്കുള്ള ഭാവി തിരഞ്ഞെടുപ്പിന് കളിക്കാര്‍ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കണം. സാധുവായ മെഡിക്കല്‍ അല്ലെങ്കില്‍ ഫിറ്റ്‌നസ് കാരണങ്ങളില്ലാതെ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അവരുടെ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം.'