കോഹ്ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് നടക്കില്ലേ? ബംഗ്ലാദേശ് പര്യടനം കൈയ്യാലപ്പുറത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള മടങ്ങിവരവ് അനിശ്ചിതത്വത്തില്‍. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇരുവരും ഏകദിന മത്സരങ്ങള്‍ക്കായി ബംഗ്ലാദേശ് പര്യടനത്തിലൂടെ ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഓഗസ്റ്റില്‍ നടക്കേണ്ട പരമ്പരയ്ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ബിസിസിഐക്ക് ഇതുവരെ പര്യടനത്തിന് അന്തിമ സ്ഥിരീകരണം നല്‍കാനായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ നിന്നും, ഈ വര്‍ഷം മെയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. 2027ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ തുടക്കമെന്ന നിലയിലാണ് ഈ പരമ്പരയെ ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.
ബംഗ്ലാദേശ് ബോര്‍ഡ് പറയുന്നത്
ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിന്റെ ഷെഡ്യൂള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ഈ വര്‍ഷം ഏപ്രിലില്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും, ഓഗസ്റ്റ് 26, 29, 31 തീയതികളില്‍ മൂന്ന് ടി20 മത്സരങ്ങളുമാണ് പ്ലാന്‍ ചെയ്തിരുന്നത്. മിര്‍പൂര്‍, ചിറ്റഗോംഗ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കേണ്ടത്.
എന്നാല്‍, ബിസിസിഐ ഔദ്യോഗികമായി പര്യടനം സ്ഥിരീകരിച്ചിട്ടില്ലെന്നും, അവര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം തിങ്കളാഴ്ച വ്യക്തമാക്കി. 'ഞാന്‍ ബിസിസിഐയുമായി സംസാരിച്ചു. ചര്‍ച്ചകള്‍ വളരെ പോസിറ്റീവായിരുന്നു. ഞങ്ങള്‍ പ്രതീക്ഷയിലാണ്. പര്യടനം അടുത്ത മാസം നടക്കേണ്ടതാണ്, പക്ഷേ അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ചില അനുമതികള്‍ ലഭിക്കേണ്ടതുണ്ട്,' അമിനുല്‍ പറഞ്ഞു.
പര്യടനം നടന്നില്ലെങ്കില്‍ എന്ത്?
ഒരുപക്ഷേ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് കൃത്യസമയത്ത് അനുമതി ലഭിച്ചില്ലെങ്കില്‍, കോഹ്ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് ഒക്ടോബറില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനം വരെ നീളും. ഓസ്ട്രേലിയയില്‍ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളാണ് കളിക്കുന്നത്. ഒക്ടോബര്‍ 19-നാണ് ഈ പരമ്പര ആരംഭിക്കുന്നത്.
ഇരുവരുടെയും അവസാന ഓസ്ട്രേലിയന്‍ പര്യടനമായിരിക്കാന്‍ സാധ്യതയുള്ളതുകൊണ്ട്, ക്രിക്കറ്റ് ഓസ്ട്രേലിയ ഈ പരമ്പരയില്‍ ഇരുവര്‍ക്കും വലിയൊരു യാത്രയയപ്പ് നല്‍കാനും സാധ്യതയുണ്ട്.
പ്രതീക്ഷ കൈവിടാതെ ബിസിബി
പര്യടനം റദ്ദാക്കപ്പെട്ടാല്‍, അടുത്ത സൗകര്യപ്രദമായ സമയത്ത് ഇന്ത്യ ബംഗ്ലാദേശില്‍ പര്യടനം നടത്തുമെന്ന് ബിസിസിഐ ഉറപ്പുനല്‍കിയതായി അമിനുല്‍ ഇസ്ലാം കൂട്ടിച്ചേര്‍ത്തു. 'ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്തെങ്കിലും കാരണവശാല്‍ ഓഗസ്റ്റില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍, അടുത്ത വിന്‍ഡോയില്‍ അവര്‍ പര്യടനം നടത്തും. ഈ ഷെഡ്യൂളില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ട്. ബിസിസിഐ വളരെ പ്രൊഫഷണലായും സഹകരണത്തോടെയുമാണ് പെരുമാറുന്നത് എന്ന് എനിക്ക് പറയാന്‍ കഴിയും,' അദ്ദേഹം പറഞ്ഞു.
ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ്മ തന്നെ ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റുകളിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാരാകും. എന്തായാലും, ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ മടങ്ങിവരവ് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുമോ ഇല്ലയോ എന്ന് വരും ദിവസങ്ങളില്‍ അറിയാം. പന്ത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്.